ഭക്തി 9 വിധം, അതിനെ നവധാ ഭക്തി എന്ന് വിളിക്കുന്നു..

 ഭക്തി 9 വിധം, അതിനെ നവധാ ഭക്തി എന്ന് വിളിക്കുന്നു..

പ്രഹ്ലാദ മഹാരാജനാണ് ശ്രീമദ്‌ഭാഗവതത്തിൽ(7.5.23) ഇത് അവതരിപ്പിക്കുന്നത്.. തനിക്ക് ലഭിച്ച അറിവ് അദ്ദേഹം പിതാവിനോട് ചുരുക്കിപ്പറഞ്ഞതാണ് ഇത്! ബാക്കി കഥകൾ പറയേണ്ടല്ലോ!

"ശ്രവണം കീർത്തനം വിഷ്ണോ:

സ്മരണം പാദസേവനം

അർച്ചനം വന്ദനം ദാസ്യം

സഖ്യമാത്മ നിവേദനം"


ഈ നവധാഭക്തിയെ ഒരേസമയം ചെയ്യുന്ന വിവിധ രീതിയിലുള്ള ഭക്തിസാധനകളായി വ്യാഖ്യാനിച്ചു കാണാറുണ്ട്. പക്ഷേ സൂക്ഷ്മമായി നോക്കിയാൽ ഭക്തിയുടെ പടവുകൾ ആയി കാണുന്നതാണ് കൂടുതൽ യോജിക്കുക, ശ്രവണത്തിൽ തുടങ്ങി ആത്മനിവേദനത്തിൽ വരെ എത്തുന്ന പടികൾ!!
ഭഗവാന്റെ മഹിമ ഭഗവദ് ഭക്തരിൽ നിന്നും ശ്രവിച്ച് ആണ് തുടക്കം(ശ്രവണം). പിന്നീട് ആ മഹിമകളെ പ്രകീർത്തിച്ച് തുടങ്ങുന്നു(കീർത്തനം). നിരന്തരം ഭഗവാനെ സ്മരിക്കുക ആണ് അടുത്ത ഘട്ടം(സ്മരണം). പിന്നീട് ഭഗവദ് പാദങ്ങളെ സേവിക്കാൻ തുടങ്ങുന്നു, അഥവാ ഭക്തർ, ആചാര്യർ എന്നിവരെ ഭാഗവതധർമം പ്രചരിപ്പിക്കുവാൻ സഹായിക്കും അതാണ് പാദസേവനം. പിന്നീട് ഭഗവദ് അർച്ചന അഥവാ പൂജനത്തിൽ താത്പര്യം വരുന്നു, വല്ലപ്പോഴും ഉള്ള ക്ഷേത്രദർശനം കൃത്യമായ ഇടവേളയ്ക്ക് ആകുന്നത് പോലെ. അടുത്ത ഘട്ടത്തിൽ ഭഗവാനെ വന്ദിക്കുന്നു ഓരോ നിമിഷവും(വന്ദനം), ഇടവേള ഇല്ല..ഒടുവിൽ ദാസ്യ അവസ്ഥ അഥവാ ആചാര്യരിൽ നിന്നും മന്ത്രോപദേശം നേടി ദാസ നാമം ലഭിക്കുന്നു. പിന്നീട് ഭഗവാനോട് സഖിത്വം അഥവാ പരമപുരുഷനാണ് ജീവാത്മാവിന്റെ ശാശ്വതമായ ഇണ എന്ന ബോധത്തിലെത്തുന്നു(സഖ്യം). ഒടുവിൽ ആത്മനിവേദനം.. തന്റെ ആത്മസത്തയെ അഥവാ വ്യക്തിപരമായ താത്പര്യങ്ങളെ മുഴുവനും ഭഗവദ് ഹിതത്തിന് സമർപ്പിച്ചു കൊണ്ട് പൂർണമായും എല്ലാം ഭഗവാന് വിട്ടു കൊടുത്ത് എല്ലാ ആകാംക്ഷയോടും ഭയത്തോടും എന്നേയ്ക്കുമായി വിടപറയുന്നു.. മുക്തനാകുന്നു. അതാണ് ജീവന്മുക്താവസ്ഥ, മുക്താത്മാക്കളുടെ അവസ്ഥ.

No comments:

Post a Comment