Showing posts with label Informations. Show all posts
Showing posts with label Informations. Show all posts

നാമജപത്തിന്‍റെ ഫലമെന്ത്?


പഥ്യമായി മൂന്നുകോടി നാമം ജപിച്ചാല്‍ നമ്മുടെ കൈയിലുള്ള കൈരേഖകള്‍ മാറിവരുന്നതായി കാണാന്‍ കഴിയും. നമ്മുടെ ജാതകത്തിലെ ഗ്രഹദോഷങ്ങള്‍ മാറിപ്പോകും. ജാതകത്തില്‍ ലഗ്നം, ധനം തുടങ്ങിയ പന്ത്രണ്ട് ഭാവങ്ങളാണുള്ളത്. ഈ ദ്വാദശ ഭാവങ്ങള്‍ക്കും നാമജപം കൊണ്ട് ശുദ്ധി കൈവരുന്നതാണ്.

പഥ്യാചരണത്തോടെ മൂന്നുകോടി നാമജപം നടത്തുന്ന വ്യക്തിയെ ഒരിക്കലും രോഗം ബാധിക്കുകയില്ല. നാലുകോടി ജപം നടത്തിയ ആളിന് ഒരിക്കലും ദാരിദ്രമുണ്ടാകുന്നതല്ല. അയാളുടെ ധനസ്ഥാനത്ത് ശുദ്ധി ഉണ്ടാവുകയും ചെയ്യും. അഞ്ചുകോടി നാമജപം നടത്തിയാല്‍ അയാളുടെ ബുദ്ധിയ്ക്ക് തെളിച്ചമുണ്ടായി ജ്ഞാനം വര്‍ദ്ധിക്കുന്നു.
ആറുകോടി നാമം ജപിച്ചാല്‍ ഉള്ളിലുള്ള ശത്രുക്കള്‍ നശിക്കുന്നു. പുറത്തെ ഒരു ശത്രുവിനെ നശിപ്പിച്ചാല്‍ ആ സ്ഥാനത്ത് മറ്റനേകം ശത്രുക്കള്‍ ഉണ്ടാകും. അകത്തെ ശത്രു നശിച്ചാല്‍ ഒരിടത്തും ശത്രുക്കള്‍ കാണുകയില്ല. ഏഴുകോടി നാമജപം നടത്തുന്ന സ്ത്രീയുടെ ഭര്‍ത്താവിന് ആയുസ്സ് വര്‍ദ്ധിക്കുകയും പുരുഷന്‍റെ ഭാര്യ ആദ്ധ്യാത്മിക മാര്‍ഗ്ഗത്തില്‍ ഏറ്റവും അനുകൂലമായിത്തീരുകയും ചെയ്യും.


എട്ടുകോടി നാമം ജപിച്ചാല്‍ മരണകാലം നീണ്ടുകിട്ടും. മാത്രമല്ല, അന്ത്യകാലത്ത് ഭഗവാന്‍ പുണ്യതീര്‍ത്ഥത്തിലേയ്ക്ക് കൊണ്ടുപോവുകയും അവിടെവച്ച് ശാന്തവും പവിത്രവുമായ മരണം നല്‍കുകയും ചെയ്യും. ഒമ്പതുകോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ തന്‍റെ ഇഷ്ടദേവതാരൂപത്തില്‍ ഭഗവാന്‍ ദര്‍ശനം നല്‍കും.

നാമജപം ജീവിതയാത്രയില്‍ അനുഭവിക്കേണ്ടിവരുന്ന ദുഃഖങ്ങളില്‍ നിന്നും ഒരു കവചംപോലെ മനുഷ്യര്‍ക്ക്‌ ശാന്തി നല്‍കുന്നു. അതുപോലെ മനസ്സിന് ശുദ്ധി നല്‍കുന്നതിന് നാമജപംപോലെ ഫലപ്രദമായ മറ്റൊരു മാര്‍ഗ്ഗമില്ല. ചിത്തശുദ്ധി കൈവരിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് ഭക്തിപൂര്‍വ്വമായ നാമജപം. നിരന്തരമായ നാമജപംകൊണ്ട് നമ്മുടെ മനസ്സ് നിര്‍മ്മലമാകുകയും അവിടെ ഈശ്വരചൈതന്യം ഉണരുകയും ചെയ്യുന്നു.

നിരന്തരമായ നാമജപത്തിലൂടെ നമ്മുടെ മനസ്സില്‍ അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യങ്ങളെയും പാപക്കറകളെയും കഴുകിക്കളഞ്ഞ് അവിടം നിര്‍മ്മലമാകുമ്പോള്‍ അവിടെ നന്മയുടെ ഈശ്വരചൈതന്യവും കൂടുതല്‍ തെളിമയോടെ വിളങ്ങുന്നു. ഭൌതികദുഃഖങ്ങളില്‍ നിന്നുള്ള മോചനവും ആത്മീയമായ ഉന്നതിയും ഇവിടെ നിന്നാണ് ആരംഭിക്കുന്നത്.
നിരന്തരമായ നാമജപം നമ്മിലെ താമസ രാജസ ഭാവങ്ങളുടെ പ്രഭാവത്തെ നശിപ്പിച്ച് സാത്ത്വികത ഉണര്‍ത്തുന്നു. നാമജപം മൂലം മനുഷ്യമനസ്സിലും സമൂഹമനസ്സിലും സാത്വികഭാവം വളരുമ്പോള്‍ അത് ലോകത്തിന് അത്ഭുതകരമായ വിധത്തില്‍ ശാന്തി പ്രദാനം ചെയ്യും.

ഈശ്വരനാമം അറിഞ്ഞോ അറിയാതെയോ, ബോധപൂര്‍വ്വമോ അല്ലാതെയോ, ശരിയായോ തെറ്റായോ എങ്ങനെ ജപിച്ചാലും ജപം ഭക്തിപൂര്‍വ്വവും വിശ്വാസപൂര്‍വ്വവുമായാല്‍ അതിന് ഉദ്ദിഷ്ടഫലം സിദ്ധിക്കുന്നു. ഈശ്വരനാമത്തിന്‍റെ ശക്തി ആര്‍ക്കും നിര്‍വ്വചിക്കുവാനോ അളക്കുവാനോ സാധിക്കുകയില്ല. അതിന്‍റെ അത്ഭുതകരമായ ഫലദാനശേഷിയെയും ആര്‍ക്കും അളക്കുവാന്‍ സാധിക്കില്ല. ഈശ്വരനാമജപം പാപങ്ങളെയെല്ലാം നശിപ്പിച്ചുകളയുന്നു.
നിത്യവും ഈശ്വരനാമം ജപിക്കുന്നവന്‍ അതിദിവ്യനായ അഗ്നിശുദ്ധിയെയാണ് കൈവരിക്കുന്നത്. അത് നമ്മിലുള്ള ദുര്‍വ്വാസനകളെയെല്ലാം നശിപ്പിക്കുന്നു. ഈശ്വരനാമത്തിന് അപാരമായ പാപനാശശക്തിയുണ്ട്. നിത്യേനയുള്ള നാമജപത്തിലൂടെ സമസ്ത പാപങ്ങളും നശിക്കുന്നു. അതോടെ നമ്മുടെ സമസ്ത ദുഃഖങ്ങള്‍ക്കും ശാന്തി ലഭിക്കുന്നു.
നാമം ജപിക്കേണ്ടത് എങ്ങനെ ?

നാമജപം മോചനത്തിനുള്ള മാര്‍ഗ്ഗമാണ്. മനസ്സിന്‍റേയും ശരീരത്തിന്‍റേയും വിശ്രമമാണ് ഇത്കൊണ്ട് സിദ്ധിക്കുന്നത്. മാത്രമല്ല നാമജപം കൊണ്ട് അനിര്‍വചനീയമായ ശാന്തിയും അളവറ്റ ഊര്‍ജ്ജവും സിദ്ധിക്കുന്നു.

നാമജപം മൂന്ന് തരത്തിലുണ്ട്:

1. വാചികം : ഉറക്കെ ജപിക്കുന്നത്
2. ഉപാംശു : ചുണ്ട് അനക്കി മാത്രം ജപിക്കുന്നത്
3. മാനസം : മനസ്സില്‍ മാത്രം ജപിക്കുന്നത്

ഈ മൂന്നിലും ഏതാണ് ഉത്തമം എന്ന് ചോദിച്ചാല്‍ മാനസം എന്നാണ് ഉത്തരം. ഈശ്വര നാമം ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും ജപിക്കാം. എത്രവേണമെങ്കിലും ജപിക്കാം. എങ്കിലും മനസ്സിന്‍റെ ഏകാഗ്രതയ്ക്കായി 108, 1008 എന്നിങ്ങനെയുള്ള എണ്ണങ്ങള്‍ വച്ചാണ് സാധാരണ നാമജപം നടത്താറുള്ളത്.രൂപമോ പേരോ ഇല്ലാത്തതാണ് ഈശ്വരന്‍.
എങ്കിലും നാം സഹസ്രനാമങ്ങളിലൂടെയും സഹസ്രരൂപങ്ങളിലൂടെയും ഈശ്വരനെ ആരാധിക്കുന്നു. അവനവന്‍റെ മനസ്സിനെ ഭൌതിക മുക്തമാക്കുന്നതിനാണ് നാമം ജപിക്കുന്നത്. അതിലൂടെ അവനവന്‍റെ ഉള്ളിലുള്ള ഈശ്വരനെ തന്നെ അറിയാന്‍ കഴിയുന്നു.ഭൂതത്തിലും ഭാവിയിലും ഉഴലുന്ന മനസ്സിനെ വര്‍ത്തമാനത്തില്‍ പിടിച്ചു നിര്‍ത്താന്‍ നാമജപത്തിനു കഴിയും. നമ്മുടെ ബുദ്ധിയും ഓര്‍മ്മയും വര്‍ദ്ധിപ്പിക്കുന്നതിനും നാമജപം നന്ന്.കുട്ടികളുടെ ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും കഴിയും

കലിയുഗ ദുരിതം മാറ്റാന്‍ ജപം

കലിയുഗത്തിലെ ദുരിതങ്ങള്‍ മറികടക്കാന്‍ എന്തു ചെയ്യണം എന്ന് നാരദ മഹര്‍ഷിക്ക് സംശയം. ആശങ്ക അകറ്റാനായി നാരദര്‍ ബ്രഹ്മാവിന്റെ അടുത്തെത്തി. നാരായണ മന്ത്രം ജപിച്ചാല്‍ കലിയുഗ ദുരിതങ്ങള്‍ മറികടക്കാനാവും എന്നായിരുന്നു ബ്രഹ്മാവിന്റെ ഉപദേശം. ബ്രഹ്മാവ് നാരായണ നാമം നാരദര്‍ക്ക് ഉപദേശിച്ചു കൊടുക്കുകയും ചെയ്തു;

“ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ “
ലൌകിക ജീവിതം നയിക്കുന്ന സാധാരണക്കാര്‍ക്ക് മുക്തി നേടാനുള്ള പരമമായ മാര്‍ഗമാണ് നാമജപം. നാമജപത്തിലൂടെ സാലോക്യം,സാമീപ്യം, സായൂജ്യം, സാരൂപ്യം എന്നീ നാല് മുക്തികളും പ്രാപ്യമാവുമെന്നായിരുന്നു ബ്രഹ്മോപദേശം.

ഭക്തര്‍ ബ്രഹ്മ ലോകത്തിലോ വിഷ്ണു ലോകത്തിലോ ശിവലോകത്തിലോ എത്തിച്ചേരുന്നതിനെ സാലോക്യ മുക്തി എന്നും ഭഗവാന്റെ സമീപത്ത് എത്തിച്ചേരുന്നതിനെ സാമീപ്യ മുക്തി എന്നും ഭഗവാന്റെ രൂ‍പത്തെ പ്രാപിക്കുന്നത് സാരൂപ്യ മുക്തി എന്നും ഭഗവാനില്‍ ലയിച്ചു ചേരുന്നതിനെ സായൂജ്യ മുക്തി എന്നും അറിയപ്പെടുന്നു.

കലിയുഗത്തില്‍ മനുഷ്യ മനസ്സിന് ചിന്താ ശേഷി കുറയുകയും മലീമസപ്പെടുകയും ചെയ്യുന്നു. ദിവസേനയുള്ള നാപജപത്തിലൂടെ മനസ്സിന് തെളിച്ചം ഉണ്ടാക്കാന്‍ കഴിയും. തെളിച്ചമുള്ള മനസ്സില്‍ ദുര്‍ചിന്തകള്‍ കുറയുകയും ഏകാഗ്രത വര്‍ദ്ധിക്കുകയും ചെയ്യുമെന്ന് മുനിശ്രേഷ്ഠര്‍ ഉപദേശിക്കുന്നു.

മൂന്നു കോടി നാമം ജപിക്കുന്ന ആള്‍ക്ക് രോഗപീഡ ഉണ്ടാവില്ല. നാല് കോടി നാമം ജപിക്കുന്ന ആളിന് ദാരിദ്ര മുക്തി നേടാനാവും. അഞ്ചു കോടി നാമം ജപിക്കുന്ന ആള്‍ക്ക് അയാള്‍ ജ്ഞാനിയായി തീരും. ആറ് കോടി നാമം ജപിച്ചാല്‍ മനസ്സ് ശത്രു വിമുക്തമാവും (അനാവശ്യ ചിന്തകള്‍ അലട്ടാതിരിക്കും). ഏഴ് കോടി നാമം ജപിച്ചാല്‍ ആദ്ധ്യാത്മികമായി ഏറെ ഉയരെ എത്തുകയും ആയുസ്സ് വര്‍ദ്ധിക്കുകയും ചെയ്യും. ഒമ്പത് കോടി നാമം ജപിച്ചാല്‍ പവിത്രമായ മരണം സംഭവ്യമാവും പത്ത് കോടി നാമം ജപിച്ചാല്‍ സ്വപ്നത്തില്‍ ഭഗവല്‍ ദര്‍ശനമുണ്ടാവും എന്നും മുനിവര്യന്‍‌മാര്‍ ഉപദേശിക്കുന്നു.

നിഷ്ഠയോ നിയമങ്ങളോ കൂടാതെ വിശ്വാസത്തോടും അര്‍പ്പണ മനോഭാവത്തോടും മുക്തി നേടാന്‍ കലിയുഗത്തില്‍ ഉപദേശിക്കപ്പെട്ടിരിക്കുന്ന മാര്‍ഗ്ഗമാണ് നാമജപം. ശുദ്ധമായ സ്ഥലത്ത് ഇരുന്ന് നിത്യേന നാമജപം നടത്തുന്നത് ഗ്രഹപ്പിഴകള്‍ ഒഴിഞ്ഞു പോവാനുള്ള ഉത്തമ മാര്‍ഗമായും ആചാര്യന്മാര്‍ പറയുന്നു.

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ഏകാദശി വ്രതം


പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ആഷാഢമാസത്തെ വെളുത്തപക്ഷത്തില്‍ വരുന്ന ഏകാദശിയാണ് ജൂലൈ 1 ന് ബുധനാഴ്ച വരുന്നത്. ഇത് ദേവശയനി ഏകാദശി എന്ന് അറിയപ്പെടുന്നു.
ദേവന്‍ ശയിക്കാന്‍ പോകുന്ന ദിവസം ഇതാണ് ദേവശയനി ഏകാദശിയെന്ന് അറിയപ്പെടുന്നത്. ആഷാട ശുക്ലപക്ഷ ഏകാദശിയെന്നുകൂടി അറിയപ്പെടുന്ന ഈ ദിവസം വിഷ്ണുഭഗവാന്‍ ക്ഷീര സാഗരത്തില്‍ അനന്തശയനത്തില്‍ ഉറങ്ങാന്‍പോകുന്ന ദിവസമായി ഉത്തരേന്ത്യയിലെ വിഷ്ണുഭക്തര്‍ വിശ്വസിക്കുന്നു. ദേവശയനി ഏകാദശി ദിവസം ഉറങ്ങാന്‍ തുടങ്ങുന്ന വിഷ്ണു ഭഗവാന്‍ നാലു മാസങ്ങള്‍ക്കുശേഷം കാര്‍ത്തിക മാസത്തിലെ പ്രഭോ ധിനി ഏകാദശി ദിവസം ഉറക്കം ഉണരുന്നുവെന്നുവെന്നുമാണ് വിശ്വാസം. ഈ നാലുമാസങ്ങളിലും നിത്യവും വ്രതമനുഷ്ഠിക്കുന്നവര്‍ വടക്കേ ഇന്ത്യയിലുണ്ട്. ഇതിനെ ചതുര്‍മാസവ്രതമെന്ന പേരില്‍ അറിയപ്പെടുന്നു.


എല്ലാ തരം ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും, ഉള്ളിവര്‍ഗങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതും വിഷ്ണു പൂജകളും കീര്‍ത്തനങ്ങളുമായാണ് ചതുര്‍മാസവ്രതം അനുഷ്ടിക്കുന്നത്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസങ്ങള്‍ തന്നെ. ഈ വ്രതമെടുക്കുന്നവരുടെ ജീവിതത്തില്‍ സമൃദ്ധിയും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.

ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.

രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.

ദേവീ സങ്കല്‍പ്പങ്ങൾ


നമ്മുടെ ദേവീസങ്കല്‍പ്പങ്ങളിലെ ത്രിദേവീ സങ്കല്‍പ്പമാണ് ലക്ഷ്മി, സരസ്വതി, ദുര്‍ഗ എന്നിവര്‍. ലക്ഷ്മിയെയും സരസ്വതിയെയും ദുര്‍ഗയെയും പ്രീതിപ്പെടുത്തുന്നതിലൂടെ സര്‍വകാര്യ വിജയം നേടാകാനുമെന്നാണ് വിശ്വാസം. ഈ മൂന്നു ദേവീസങ്കല്‍പ്പങ്ങളെ ആരാധിക്കാനുള്ള മൂലമന്ത്രം ചുവടെ ചേര്‍ക്കുന്നു.

ലക്ഷ്മി

ഹൈന്ദവപുരാണങ്ങളില്‍ മഹാവിഷ്ണുവിന്റെ പത്‌നിയാണ് ലക്ഷ്മിദേവി. ഐശ്വര്യത്തിന്റെ ദേവതയായി ലക്ഷ്മിയെ കണക്കാക്കുന്നു. കയ്യില്‍ താമരപ്പൂ പിടിച്ചിരിക്കുന്നതും അഭയ വരദ മുദ്രകളോടുകൂടിയതാണ് രൂപം. ശ്രീ എന്നും തമിഴില്‍ തിരുമകള്‍ എന്നും വിളിക്കപ്പെടുന്ന ലക്ഷ്മി, പാലാഴിമഥനത്തില്‍ പൊന്തിവന്ന ദിവ്യ വസ്തുക്കളില്‍ ഒന്നാണ് ലക്ഷ്മി ദുര്‍ഗാ പൂജയില്‍ ബംഗാളില്‍, ലക്ഷ്മിയെ ദുര്‍ഗയുടെ മകളായി കരുതുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

നമസ്‌തേസ്തു മഹാമായേ
ശ്രീ പീഠേ സുരപൂജിതേ!
ശംഖചക്രഗദാഹസ്‌തേ
മഹാലക്ഷ്മി നമോസ്തുതേ!

സരസ്വതി

വിദ്യാദേവിയാണ് സരസ്വതി. മൂന്നു ദേവതമാരില്‍ ആദ്യത്തെ ദേവിയാണ് സരസ്വതി. ലക്ഷ്മി, ദുര്‍ഗ്ഗ എന്നീ ദേവിമാരാണ് മറ്റ് രണ്ടുപേര്‍. പല ഭാവങ്ങളിലിരിക്കുന്ന ദേവീ സങ്കല്പങ്ങളുണ്ട്, ഇവയില്‍ ശാന്ത ഭാവങ്ങളോട് കൂടിയ ദേവിയാണ് സരസ്വതീ ദേവി. സരസ്വതിദേവിയെ ‘*ജ്ഞാന*’ ശക്തിയായും ലക്ഷ്മി ദേവിയെ ക്രിയ ശക്തിയായും ദുര്‍ഗ്ഗാ ദേവിയെ ഇച്ഛയുടെ ശക്തിയുമായാണ് കരുതുന്നത്.

ജ്ഞാന ശക്തികള്‍ എന്തെന്നാല്‍, അറിവ്, സംഗീതം, കിയാത്മകത തുടങ്ങിയവയുടെ ദേവിയായും സങ്കല്പിച്ചു പോരുന്നു. വേദങ്ങളുടെ അമ്മ എന്ന വിശേഷണവും ഉണ്ട്. സൃഷ്ടാവ് ബ്രഹ്മാവാണെങ്കിലും, ബുദ്ധി നല്‍കുന്നത് സരസ്വതി ആണെന്ന വിശ്വാസവുമുണ്ട്. വാക്ക് ദേവതയായും സരസ്വതിയെ കണക്കാക്കുന്നു.

ഒരു കയ്യില്‍ വേദങ്ങളും, മറ്റൊരു കയ്യില്‍ അറിവിന്റെ അടയാളമായ താമരയും, മറ്റ് രണ്ടു കൈകളില്‍ സംഗീതത്തിന്റെ സൂചകമായ വീണയും കാണാം. ശ്വേതവസ്ത്രധാരിയായ സരസ്വതി ഇതിലൂടെ സമാധാനത്തിന്റെയും പരിശുദ്ധിയുടെയും അടയാളങ്ങള്‍ കാണിക്കുന്നു. വാഹനമായി അരയന്നവും ഉപയോഗിക്കുന്നു.

പ്രാര്‍ത്ഥനാ ശ്ലോകം

സരസ്വതി നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമീ
സിദ്ധിര്‍ ഭവതുമേ സദാ

ദുര്‍ഗ്ഗ

ഹൈന്ദവവിശ്വാസമനുസരിച്ച് ശിവപത്‌നിയായ ശ്രീപാര്‍വ്വതിയുടെ രൗദ്ര രൂപമാണ് ദുര്‍ഗ്ഗാദേവി. സിംഹത്തിന്റെ പുറത്ത് സഞ്ചരിക്കുന്നതും പതിനാറ് കൈകള്‍ ഉള്ളതുമായ ദുര്‍ഗാദേവി മഹിഷാസുരനെ വധിക്കാന്‍ വേണ്ടിയാണ് അവതരിച്ചത്.

പ്രാര്‍ത്ഥനാ ശ്ലോകം

സര്‍വ്വമംഗല മംഗല്യേ
ശിവേ സര്‍വാര്‍ത്ഥ സാധികേ
ശരണ്യേ ത്രയംബികേ ഗൗരീ
നാരായണി നമോസ്തുതേ

നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക. അറിവുകൾ മറ്റു വിശ്വാസികൾക്ക് ഷെയർ ചെയ്യുക. ദേവി നാരായണ ഫേസ്ബുക്ക് പേജു ലൈക്ക് ചെയ്യുക. ചൊറ്റാനിക്കര അമ്മ ഫേസ്ബുക്ക് ഗ്രൂപ്പിൽ അംഗമാവുക.

ശ്രീ മലമൽക്കാവ് അയ്യപ്പക്ഷേത്രം

മലമൽക്കാവ് പി.ഒ, ത്യത്താല വഴി പാലക്കാട് ജില്ല .

മലബാറിലെപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് മലമൽക്കാവ്അയ്യപ്പക്ഷേത്രം. ഉദ്ദേശം ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിദഗ്ദരായ തച്ചശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി പത്നി സുപ്രഭയും പുത്രൻ സത്യകനുമായിട്ടാണ് പ്രതിഷ്ഠാ സങ്കൽപ്പം. ശബരിമലയിലെ ധർമ്മശാസ്താവിന്റെ (ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിഷ്ഠ ) അവതാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.

വള്ളുവനാട്ടിൽ നീളാ നദീ തീരത്ത് നിന്ന് ഉദ്ദേശം ഒരു കി.മി. പടിഞ്ഞാറോട്ട് മാറി മലക്കാവ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനേക വർഷങ്ങൾക്കു മുൻപ് വനനിബിഡമായ ഈ സ്ഥലത്ത് പുല്ലരിയുവാൻ പോയ യുവതി അരിവാൾ മൂർച്ച കൂട്ടുമ്പോൾ കല്ലിൽ ചോര പൊടിഞ്ഞുവത്രെ. ആ കല്ലിൽ ദൈവസാന്നിദ്ധ്യമുണ്ടെന്നും അത് ദേവലോകത്തെ ശാസ്താവാണെന്നും പ്രശ്നം വെച്ചെപ്പോൾ തെളിഞ്ഞതിനാൽ അവിടെ അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ദേവന്റെ മുൻപിൽ പണം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം വിരിയുന്ന നീർപുവ്വ് ഈ ക്ഷേത്രത്തിലെ മാത്രം ഒരു പ്രത്യേകതയാണ്. ശൈവമായിട്ടുള്ള ദേവന്മാരുടെ കലശാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഈ പുവ്വ് ക്ഷേത്ര കുളത്തിനോടനുബ്ധിച്ചുള്ള കൊക്കർണിയിലാണ് ഉണ്ടാകുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ തന്ത്രിമാരുടെ എഴുത്തും പണവുമായി അത്താഴപൂജക്ക് ശേഷം ക്ഷേത്രനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ പിറ്റേ ദിവസം കൊക്കർണിയിലുള്ള ചെടിയിൽ പുവ്വ് ഉണ്ടാകുമത്രെ. രാവിലെ ശിവേലിക്ക് ശേഷം മേൽശാന്തി പുവ്വ് പറിച്ചെടുത്ത് ആവശ്യക്കാർക്ക് കൊടുക്കുമത്രെ.
ചെണ്ടവാദ്യമായ തായമ്പകക്ക് ഈ ക്ഷേത്രത്തിൽ വലിയ പ്രധാന്യമുണ്ട്. ഇവിടുത്തെ ബലിക്കൽ പുരയെ തായമ്പകപ്പുര എന്ന പേരിലാണറിയപ്പെടുന്നത്. ഇവിടെ തായമ്പകയിൽ അരങ്ങേറ്റം നടത്തുന്നത് വളരെ വിശേഷമായി കരുതുന്നു. ഇവിടെ കേരളാ സംസ്ഥാനത്തിന്റെ തായമ്പക മത്സരം നടക്കാറുണ്ടെന്ന് പറയുന്നു.
ദേവപ്രീതിക്കായി നടത്തുന്ന ഉദയാസ്തമന പൂജ, ചതുശ്ശതം, ചുറ്റുവിളക്ക്, നിറമായ, തിയ്യാട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലെ താലപ്പൊലി എല്ലാ കൊല്ലവും ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച (ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച) ഗംഭീരമായി ആഘോഷിക്കാറുണ്ട്

താണിക്കുടം ഭഗവതി ക്ഷേത്രം


മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണ് ഇവിടത്തെ പ്രധാനപ്രത്യേകത....!
മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം.
മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ഭഗവതിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘നനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നും ഭക്തർ വിശ്വസിക്കുന്ന ഒരു വലിയ ശിലാഫലകമാണ്.
നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണ് പൂജാബിംബമായി ആരാധിക്കപ്പെടുന്നത്.


‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണ് ക്ഷേത്രത്തിന് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണ് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നത്.
തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.