ശ്രീ മലമൽക്കാവ് അയ്യപ്പക്ഷേത്രം

മലമൽക്കാവ് പി.ഒ, ത്യത്താല വഴി പാലക്കാട് ജില്ല .

മലബാറിലെപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് മലമൽക്കാവ്അയ്യപ്പക്ഷേത്രം. ഉദ്ദേശം ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിദഗ്ദരായ തച്ചശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി പത്നി സുപ്രഭയും പുത്രൻ സത്യകനുമായിട്ടാണ് പ്രതിഷ്ഠാ സങ്കൽപ്പം. ശബരിമലയിലെ ധർമ്മശാസ്താവിന്റെ (ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിഷ്ഠ ) അവതാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.

വള്ളുവനാട്ടിൽ നീളാ നദീ തീരത്ത് നിന്ന് ഉദ്ദേശം ഒരു കി.മി. പടിഞ്ഞാറോട്ട് മാറി മലക്കാവ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനേക വർഷങ്ങൾക്കു മുൻപ് വനനിബിഡമായ ഈ സ്ഥലത്ത് പുല്ലരിയുവാൻ പോയ യുവതി അരിവാൾ മൂർച്ച കൂട്ടുമ്പോൾ കല്ലിൽ ചോര പൊടിഞ്ഞുവത്രെ. ആ കല്ലിൽ ദൈവസാന്നിദ്ധ്യമുണ്ടെന്നും അത് ദേവലോകത്തെ ശാസ്താവാണെന്നും പ്രശ്നം വെച്ചെപ്പോൾ തെളിഞ്ഞതിനാൽ അവിടെ അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ദേവന്റെ മുൻപിൽ പണം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം വിരിയുന്ന നീർപുവ്വ് ഈ ക്ഷേത്രത്തിലെ മാത്രം ഒരു പ്രത്യേകതയാണ്. ശൈവമായിട്ടുള്ള ദേവന്മാരുടെ കലശാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഈ പുവ്വ് ക്ഷേത്ര കുളത്തിനോടനുബ്ധിച്ചുള്ള കൊക്കർണിയിലാണ് ഉണ്ടാകുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ തന്ത്രിമാരുടെ എഴുത്തും പണവുമായി അത്താഴപൂജക്ക് ശേഷം ക്ഷേത്രനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ പിറ്റേ ദിവസം കൊക്കർണിയിലുള്ള ചെടിയിൽ പുവ്വ് ഉണ്ടാകുമത്രെ. രാവിലെ ശിവേലിക്ക് ശേഷം മേൽശാന്തി പുവ്വ് പറിച്ചെടുത്ത് ആവശ്യക്കാർക്ക് കൊടുക്കുമത്രെ.
ചെണ്ടവാദ്യമായ തായമ്പകക്ക് ഈ ക്ഷേത്രത്തിൽ വലിയ പ്രധാന്യമുണ്ട്. ഇവിടുത്തെ ബലിക്കൽ പുരയെ തായമ്പകപ്പുര എന്ന പേരിലാണറിയപ്പെടുന്നത്. ഇവിടെ തായമ്പകയിൽ അരങ്ങേറ്റം നടത്തുന്നത് വളരെ വിശേഷമായി കരുതുന്നു. ഇവിടെ കേരളാ സംസ്ഥാനത്തിന്റെ തായമ്പക മത്സരം നടക്കാറുണ്ടെന്ന് പറയുന്നു.
ദേവപ്രീതിക്കായി നടത്തുന്ന ഉദയാസ്തമന പൂജ, ചതുശ്ശതം, ചുറ്റുവിളക്ക്, നിറമായ, തിയ്യാട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലെ താലപ്പൊലി എല്ലാ കൊല്ലവും ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച (ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച) ഗംഭീരമായി ആഘോഷിക്കാറുണ്ട്

No comments:

Post a Comment