Showing posts with label Temples. Show all posts
Showing posts with label Temples. Show all posts

ശ്രീ മലമൽക്കാവ് അയ്യപ്പക്ഷേത്രം

മലമൽക്കാവ് പി.ഒ, ത്യത്താല വഴി പാലക്കാട് ജില്ല .

മലബാറിലെപുരാതനക്ഷേത്രങ്ങളിൽ ഒന്നാണ് മലമൽക്കാവ്അയ്യപ്പക്ഷേത്രം. ഉദ്ദേശം ആയിരത്തിലേറെ വർഷങ്ങൾ പഴക്കമുണ്ടെന്നാണ് വിദഗ്ദരായ തച്ചശാസ്ത്രജ്ഞന്മാരുടെ അഭിപ്രായം. മറ്റു അയ്യപ്പക്ഷേത്രങ്ങളിൽ നിന്നും വിത്യസ്തമായി പത്നി സുപ്രഭയും പുത്രൻ സത്യകനുമായിട്ടാണ് പ്രതിഷ്ഠാ സങ്കൽപ്പം. ശബരിമലയിലെ ധർമ്മശാസ്താവിന്റെ (ശബരിമലയിലെ അയ്യപ്പപ്രതിഷ്ഠക്ക് മുമ്പ് ഉണ്ടായിരുന്ന പ്രതിഷ്ഠ ) അവതാരമാണെന്നാണ് ഭക്തരുടെ വിശ്വാസം.

വള്ളുവനാട്ടിൽ നീളാ നദീ തീരത്ത് നിന്ന് ഉദ്ദേശം ഒരു കി.മി. പടിഞ്ഞാറോട്ട് മാറി മലക്കാവ് എന്ന സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അനേക വർഷങ്ങൾക്കു മുൻപ് വനനിബിഡമായ ഈ സ്ഥലത്ത് പുല്ലരിയുവാൻ പോയ യുവതി അരിവാൾ മൂർച്ച കൂട്ടുമ്പോൾ കല്ലിൽ ചോര പൊടിഞ്ഞുവത്രെ. ആ കല്ലിൽ ദൈവസാന്നിദ്ധ്യമുണ്ടെന്നും അത് ദേവലോകത്തെ ശാസ്താവാണെന്നും പ്രശ്നം വെച്ചെപ്പോൾ തെളിഞ്ഞതിനാൽ അവിടെ അയ്യപ്പക്ഷേത്രം പണികഴിപ്പിച്ചുവെന്നാണ് ഐതിഹ്യം.
ക്ഷേത്രത്തിലെ ദേവന്റെ മുൻപിൽ പണം വെച്ച് പ്രാർത്ഥിച്ചാൽ മാത്രം വിരിയുന്ന നീർപുവ്വ് ഈ ക്ഷേത്രത്തിലെ മാത്രം ഒരു പ്രത്യേകതയാണ്. ശൈവമായിട്ടുള്ള ദേവന്മാരുടെ കലശാവശ്യത്തിന് മാത്രം ഉപയോഗിക്കുന്ന ഈ പുവ്വ് ക്ഷേത്ര കുളത്തിനോടനുബ്ധിച്ചുള്ള കൊക്കർണിയിലാണ് ഉണ്ടാകുന്നത്. കലശം നടക്കുന്ന ക്ഷേത്രത്തിലെ തന്ത്രിമാരുടെ എഴുത്തും പണവുമായി അത്താഴപൂജക്ക് ശേഷം ക്ഷേത്രനടയിൽ വെച്ച് പ്രാർത്ഥിച്ചാൽ പിറ്റേ ദിവസം കൊക്കർണിയിലുള്ള ചെടിയിൽ പുവ്വ് ഉണ്ടാകുമത്രെ. രാവിലെ ശിവേലിക്ക് ശേഷം മേൽശാന്തി പുവ്വ് പറിച്ചെടുത്ത് ആവശ്യക്കാർക്ക് കൊടുക്കുമത്രെ.
ചെണ്ടവാദ്യമായ തായമ്പകക്ക് ഈ ക്ഷേത്രത്തിൽ വലിയ പ്രധാന്യമുണ്ട്. ഇവിടുത്തെ ബലിക്കൽ പുരയെ തായമ്പകപ്പുര എന്ന പേരിലാണറിയപ്പെടുന്നത്. ഇവിടെ തായമ്പകയിൽ അരങ്ങേറ്റം നടത്തുന്നത് വളരെ വിശേഷമായി കരുതുന്നു. ഇവിടെ കേരളാ സംസ്ഥാനത്തിന്റെ തായമ്പക മത്സരം നടക്കാറുണ്ടെന്ന് പറയുന്നു.
ദേവപ്രീതിക്കായി നടത്തുന്ന ഉദയാസ്തമന പൂജ, ചതുശ്ശതം, ചുറ്റുവിളക്ക്, നിറമായ, തിയ്യാട്ട് തുടങ്ങിയവ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകളാണ്.
ക്ഷേത്രത്തിലെ താലപ്പൊലി എല്ലാ കൊല്ലവും ജനുവരി മാസത്തിലെ രണ്ടാം ശനിയാഴ്ച (ധനുമാസത്തിലെ അവസാനത്തെ ശനിയാഴ്ച) ഗംഭീരമായി ആഘോഷിക്കാറുണ്ട്

താണിക്കുടം ഭഗവതി ക്ഷേത്രം


മിക്ക ആണ്ടുകളിലും കാലവർഷസമയത്ത് രണ്ടോ മൂന്നോ പ്രാവശ്യം സംഭവിക്കുന്ന ‘ആറാട്ട്’ എന്ന പ്രതിഭാസമാണ് ഇവിടത്തെ പ്രധാനപ്രത്യേകത....!
മറ്റിടങ്ങളിൽ ‘വിഗ്രഹം’ ഏതെങ്കിലും ജലാശയത്തിലേക്ക് ആനയിച്ച് ‘കുളിപ്പിക്കുന്നതിനു’പകരം ഇവിടെ ഭഗവതിയെ കുളിപ്പിക്കാൻ പുഴതന്നെ സ്വയം ഒഴുകിയെത്തുന്നു എന്നാണു് ജനങ്ങളുടെ വിശ്വാസം.
മേൽക്കൂരയില്ലാത്ത ഒരു ശ്രീകോവിലിലാണ് ഈ അമ്പലത്തിലെ പ്രധാന മൂർത്തിയായ ഭഗവതിയുടെ മൂലപ്രതിഷ്ഠ. വെയിലും മഴയും തടസ്സമില്ലാതെ അനുഭവിക്കാവുന്ന ഇത്തരം ദേവീസങ്കൽ‌പ്പത്തെ ‘നനദുർഗ്ഗ’ എന്നും ‘അപർണ്ണ’ എന്നും വിളിച്ചുവരുന്നു. യഥാർത്ഥ മൂലപ്രതിഷ്ഠ ‘സ്വയംഭൂ’ എന്നും ഭക്തർ വിശ്വസിക്കുന്ന ഒരു വലിയ ശിലാഫലകമാണ്.
നാലുവശവും അടച്ചുകെട്ടിയ ഒരു ഗർഭഗൃഹത്തിൽ ‘പുവ്വം’ എന്ന തരം ഒരു വൃക്ഷത്തിനു കീഴിലായി സ്ഥിതിചെയ്യുന്ന ഈ ഫലകം പുറമേനിന്നും ദൃശ്യമല്ല. ശ്രീകോവിലിനുള്ളിലെ മറ്റൊരു ചെറിയ ശിലാവിഗ്രഹമാണ് പൂജാബിംബമായി ആരാധിക്കപ്പെടുന്നത്.


‘താണിക്കുടം പുഴ’ അഥവാ ‘നടുത്തോട്’ എന്നറിയപ്പെടുന്ന ചെറിയ ഒരു പുഴ പ്രകൃത്യാ ചുറ്റിവളഞ്ഞൊഴുകി ഒരു ഉപദ്വീപുപോലെ രൂപപ്പെട്ട സ്ഥലത്താണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഴക്കാലത്ത് അമിതമായി മഴപെയ്യുമ്പോൾ ഈ പുഴ ഒരുമീറ്ററിൽ കൂടുതൽ ഉയരത്തിൽ കരകവിഞ്ഞൊഴുകാറുണ്ട്. താരതമ്യേന ഉയരംകുറഞ്ഞ ക്ഷേത്രഭൂമിയും ഉപദ്വീപും ഏതാനും മണിക്കൂറുകൾ നേരത്തേക്ക് ഈ വേലിയേറ്റത്തിൽ മുങ്ങിപ്പോവും. വിഗ്രഹമടക്കം ഇങ്ങനെ വെള്ളത്തിനടിയിലാവുന്ന സമയത്ത് വളരെയധികം ഭക്തജനങ്ങൾ അമ്പലം സന്ദർശിച്ച് നെഞ്ചൊപ്പമുള്ള വെള്ളത്തിലൂടെത്തന്നെ നടന്നോ നീന്തിയോ പ്രദക്ഷിണം വെച്ചു തൊഴാറുണ്ട്. മറ്റു ക്ഷേത്രങ്ങളിൽ പതിവുള്ള ‘ആറാട്ട്’ എന്ന ചടങ്ങിനു സമാനമായി ഇതിനെ ആളുകൾ കണക്കാക്കുന്നു

ക്ഷേത്രത്തിൽ ഇപ്പോൾ ഉള്ള ‘പുവ്വം’ വൃക്ഷത്തിനുപകരം മുൻപുണ്ടായിരുന്നത് ഒരു ‘താന്നി’ അഥവാ ‘താണി’മരമായിരുന്നുവത്രേ. താണി കുടപോലെയാക്കി അതിനുകീഴെ വസിക്കുന്ന ദേവി എന്ന സങ്കൽ‌പ്പത്തിലാണ് ക്ഷേത്രത്തിന് താണിക്കുട എന്നു പേരു വന്നതെന്നും പിന്നീട് ലോപിച്ച് അതുതന്നെ താണിക്കുടം എന്നായിമാറിയെന്നുമാണ് സ്ഥലവാസികൾ വിശ്വസിച്ചുവരുന്നത്.
തൃശൂർ നഗരത്തിൽനിന്നും ഏകദേശം പത്തുകിലോമീറ്റർ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന ഒരു ദേവീക്ഷേത്രമാണ് മദ്ധ്യകേരളത്തിൽ പൊതുവേ അറിയപ്പെടുന്ന താണിക്കുടം ഭഗവതി ക്ഷേത്രം.

ചെമ്മന്തട്ട മഹാദേവക്ഷേത്രം

തൃശ്ശൂർ ജില്ലയിലെ ചെമ്മന്തട്ട ഗ്രാമത്തിലാണ് ചെമ്മന്തട്ട മഹാദേവക്ഷേത്രം സ്ഥിതിചെയ്യുന്നത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ ഔദ്യോഗികമായി അംഗീകരിച്ച സംരക്ഷിക സ്മാരകങ്ങളിൽ ഒന്നാണിത്. ക്ഷേത്രത്തിന്റെ പ്രവേശനകവാടത്തിലുള്ള പ്രത്യേക നിർമ്മിതി സാധാരണ കേരളത്തിലെ ക്ഷേത്രങ്ങളിൽ കാണപ്പെടാത്തതാണ്. കിഴക്കു ദർശനമുള്ള ഈ ശിവക്ഷേത്രത്തിലെ പ്രതിഷ്ഠ നടത്തിയത് പരശുരാമനാണന്നു വിശ്വസിക്കുന്നു. അതുപോലെതന്നെ 108 ശിവക്ഷേത്രങ്ങളിൽ ഒന്നാണ് ചെമ്മന്തിട്ട മഹാദേവക്ഷേത്രം.

ഐതിഹ്യം മഹാഭാരത യുദ്ധത്തിൽ ദ്വിഗ് വിജയം നേടാൻ വേണ്ടി പഞ്ചപാണ്ഡവർ തൃശ്ശൂരിലെത്തി പല ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തു .താഴെ പറയുന്ന സ്ഥലങ്ങളിലാണ് പഞ്ചപാണ്ഡവർ ക്ഷേത്രങ്ങൾ നിർമ്മിക്കുകയും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ച് പൂജിക്കുകയും ചെയ്തത്. 1. സോമേശ്വരം 2. പൂവണി 3. ഐവർമഠം 4. കോതകുറിശ്ശി 5. ചെമ്മന്തിട്ട . അതിൽ അവസാനം ഭീമസേനൻ നിർമിച്ചതും അർജ്ജുനൻ ശിവലിംഗം പ്രതിഷ്ഠിച്ച് പുജിക്കപ്പെട്ടതുമാണ് ചെമ്മന്തിട്ട ശിവക്ഷേത്രം
പ്രധാന പ്രതിഷ്ഠയായ ശിവൻ ആറടി പൊക്കമുള്ള മഹാശിവലിംഗത്തിൽ കിഴക്കോട്ട് ദർശനമായി വാഴുന്നു. രൗദ്രഭാവം കുറയ്ക്കാനായി മഹാവിഷ്ണുവും പ്രതിഷ്ഠയായുണ്ട്. ഗണപതി, അയ്യപ്പൻ, നാഗങ്ങൾ, തുടങ്ങിയവർ ഉപദേവന്മാരാണ്.

സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

പുരാതനമായ പരശുരാമ ഭൂമിയിലെ( ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം) സുപ്രധാന ശിവാലയങ്ങളിലൊന്നായി കവിയൂര്‍ കണക്കാക്കപ്പെടുന്നു. സീതാസമേതനായ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ മാഹാത്മ്യം നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു ശൈവവിശ്വാസികളെ ഈ ക്ഷേത്രത്തിലേക്കാകര്‍ഷിക്കുന്നു. സുപ്രസന്നനും കാഞ്ചനാഭനും സര്‍വസമ്പദ്പ്രദായകനുമായ മൂര്‍ത്തിയായി പാര്‍വതീസമേതനായിട്ടാണ് സര്‍വേശ്വരനായ മഹാദേവന്‍ ഇവിടെ ഇരുന്നരുളുന്നത്. രണ്ടരയടിയോളം മാത്രം പൊക്കമുള്ള മൃണ്മയ ശിവലിംഗമാണ് ഇവിടെയുള്ളത്. വിഗ്രഹത്തില്‍ യുഗങ്ങള്‍ക്കുമുന്പ്, പ്രതിഷ്ഠനടന്ന തൊട്ടുപിന്നാലെ ശ്രീഹനുമാന്‍ സ്വാമി വാല്‍ചുറ്റി ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം വരെ പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. കാസര്‍കോട് പുല്ലൂര്‍ഗ്രാമം, പടി മഹാ തുളുയോഗത്തില്‍പ്പെട്ട പത്തുവീടുകള്‍ക്കായിരുന്നു അവകാശം. ധാര, ചതുശ്ശതം, മുഴുക്കാപ്പ് എന്നിവയാണ് പ്രധാന വഴിപാടുകള്‍. കുട്ടികളെ അടിമകിടത്തുന്നത് മുഖ്യമായ മറ്റൊരു വഴിപാടാണ്. നിത്യേന അഞ്ചുപൂജ, നവകം, പഞ്ചഗവ്യം, മൂന്നുശിവേലി എന്നിവ നൂറ്റാണ്ടുകളായി നടന്നുവരുന്നു. തിരുവാതിര, പ്രദോഷം, കറുത്ത അഷ്ടമി എന്നീ മാസവിശേഷങ്ങളും, ധനുമാസത്തിലെ ഉത്സവം, കുംഭത്തിലെ ശിവരാത്രി, ഇടവമാസത്തിലെ സഹസ്രകലശം, കര്‍ക്കിടകത്തിലെ അരിശ്ശിവേലി എന്നീ ആട്ടവിശേഷങ്ങളും നടന്നുവരുന്നു.

ധ്യാനം

വാമാങ്കന്യസ്തവാമേതരകരകമലായാസ്തഥാവാമബാഹു-
ന്യസ്താരക്തോല്പലായാ:സ്തനമുകുളലസ്ദ്വാമബാഹു:പ്രിയായാ:
സര്‍വാകല്പാഭിരാമോ ധൃതപരശുമൃഗേഷ്ട:കരൈ കാഞ്ചനാഭോ
ധ്യേയ:പദ്മാസനസ്ഥ:സ്മരലളിതവപു: സമ്പദേ പാര്‍വതീശ:

( ഭഗവാന്റെ ഇടതു തുടയില്‍ വലതുകൈവച്ച്, ഇടതുകൈയ്യില്‍ ചെന്താമരപ്പൂ പിടിച്ച് ഇരിക്കുന്ന ദേവിയുടെ സ്തനാഗ്രത്തില്‍ ഇടതുകൈവച്ച്, മറ്റു മൂന്നു കൈകളില്‍ വെണ്മഴു, മാന്‍, വരം എന്നിവ ധരിച്ച് സ്വര്‍ണ്ണനിറമാര്‍ന്ന് കാമദേവനെപ്പോലെ സുന്ദരനായി താമരപ്പൂവില്‍ ഇരിക്കുന്ന പാര്‍വതീപതിയെ സമ്പത്തുകള്‍ ലഭിക്കുന്നതിനായി ധ്യാനിക്കണം.) കേരളത്തിലെ പ്രസിദ്ധമായ മറ്റു ശിവക്ഷേത്രങ്ങളിലെ ശിവസങ്കല്പത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഭഗവാന്‍ ശാന്തമൂര്‍ത്തിയും ആനന്ദഭാവത്തിലിരിക്കുന്നവനുമാണ്. ഒരേ വിഗ്രഹത്തില്‍ത്തന്നെ ശിവപാര്‍വതിമാരുടെ തുല്യ സാന്നിദ്ധ്യമുണ്ടെന്നുള്ളതാണ് ഈ സങ്കല്പത്തിന്റെ മഹിമ. മംഗളകരമായ ഏതുകര്‍മ്മങ്ങള്‍ക്കും അതിനാല്‍ത്തന്നെ ഈ ശിവസന്നിധി അത്യുത്തമമാണ്.

ആഡംബരപ്രിയനായി അറിയപ്പെടുന്നു ഈ മഹാദേവന്‍. പുരാതന കേരളത്തിലെ ഏറ്റവും സമ്പന്നരായ ദേവകളിലൊന്നാണ് തൃക്കവിയൂരപ്പന്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ തിരുവിതാംകൂര്‍ ലാന്ഡ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലായത്. അത്യമൂല്യമായ രത്നങ്ങളും മറ്റും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്രഭാമണ്ഡലം, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കട്ടിമാലകള്‍, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത ആനച്ചമയങ്ങള്‍, സ്വര്‍ണ്ണക്കുടകള്‍, സ്വര്‍ണ്ണക്കുടങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വിശിഷ്ടവസ്തുക്കള്‍ തൃക്കവിയൂരപ്പന്റെ നിധിശേഖരത്തില്‍പ്പെടുന്നു. തൃക്കവിയൂരപ്പന്റെ പ്രതാപവും ഭക്തവാത്സല്യവും വെളിവാക്കുന്ന അനവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. മധ്യതിരുവിതാംകൂറിന്റെ കലാരൂപമായ പടയണിയിലെ ശിവസ്തുതികള്‍ മിക്കവയും തൃക്കവിയൂരപ്പനെ പുകഴ്ത്തിയുള്ളതാണ്. പ്രധാന പടയനിക്കരകള്‍ പലതും തൃക്കവിയൂരപ്പന്റെ ദേശവഴികളീല്‍പ്പെടുന്നു. പ്രസിദ്ധമായ കോട്ടാങ്ങല്‍ പടയണി തുടങ്ങൂന്നത് ഭഗവാനെ സങ്കല്പിച്ച്, കോട്ടാങ്ങല്‍ ക്ഷേത്രത്തിനടുത്ത്, മണിമലയാറിന്റെ തീരത്തുള്ള തൃക്കവിയൂരപ്പന്‍തറയില്‍ വിളക്കുവച്ചുകൊണ്ടാണ്.

ശ്രീമൂലരാജേശ്വരി

കൊല്ലവര്‍ഷം 1168( എ.ഡി.1892) മകരം 12നാണ് പടിഞ്ഞാറേനടയില്‍ ശ്രീമൂലരാജേശ്വരിയെ പ്രതിഷ്ഠിച്ചത്. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ പ്രതിഷ്ഠാകര്‍മ്മം. കമനീയമായ പഞ്ചലോഹവിഗ്രഹം തീര്‍ക്കുന്നതിനായി ദേവസ്വം നടവരവില്‍ നിന്നും 131 പണമിട സ്വര്‍ണ്ണവും 262 പണമിട വെള്ളിയും എടുപ്പിച്ച് ചിലവഴിക്കാനുള്ള 1066 കര്‍ക്കിടകം 31ആം തീയതിയിലെ ഉത്തരവനുസരിച്ചാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനുമുനോടിയായി വെന്നിമല പിഷാരടി അപ്പൂക്കര വാര്യര് തുടങ്ങിയ ജ്യോത്സ്യന്മാരെ വരുത്തി ദേവപ്രശ്നം നടത്തിയിരുന്നു. കൊട്ടാരം വൈദ്യന്മാരില്‍ പ്രമുഖനും കവിയൂര്‍ മഹാക്ഷേത്രത്തിലെ കൈസ്ഥാനികളില്‍ ഒരാളുമായ ചെന്നാട്ടു മൂസ്സതിന്റെ ആഗ്രഹം അനുവദിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷ്ഠാ കര്‍മ്മം. ശില്പഭംഗി നിറഞ്ഞ പഞ്ചലോഹ വിഗ്രഹമാണ് ദേവിയുടേത്. മുഴുക്കാപ്പ്, മംഗല്യപൂജ, നാരങ്ങാവിളക്ക്, തൊട്ടില്‍ വഴിപാട് എന്നിവ ഇവിടെ നടക്കുന്നു. കിഴക്കേ നടയിലെ മേല്‍ശാന്തിതന്നെയാണ് ഇവിടെയും പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. എല്ലാ വര്‍ഷവും മകരമാസത്തിലെ ഉത്രട്ടാതി, പ്രതിഷ്ഠാദിനം, ദേവിയുടെ തിരുനാളായി കൊണ്ടാടുന്നു. അന്ന് വിശേഷാല്‍ ശ്രീബലിയും പൂജകളുമുണ്ട്.

ധ്യാനം

പ്രകാശമധ്യസ്ഥിതചിത്സ്വരൂപാം
വരാഭയേ സന്ദധതീം ത്രിണേത്രാം
സിന്ദൂരവര്‍ണ്ണാമതികോമളാംഗീം
മായമായീം തത്വമയീം നമാമി.

(പ്രകാശമദ്ധ്യത്തില്‍ ഇരിക്കുന്ന സത്യസ്വരൂപയും വരം, അഭയം,എന്നിവ ധരിച്ചവളും ത്രിനേത്രയും സിന്ദൂരവര്‍ണ്നമുള്ളവളും സുന്ദരിയും മായാമയിയും തത്വമയിയുമായ ദേവിയെ നമിക്കുന്നു.)

ഹനുമാന്‍ സ്വാമി

കേരളക്കരയിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയ സന്നിധികളിലൊന്നാണ് കവിയൂര്‍. ക്ഷേത്രോല്പത്തി ഐതിഹ്യപ്രകാരം ശ്രീരാമന്റെ അനുജ്ഞയനുസരിച്ച് തൃക്കവിയൂരിലെ മഹാദേവസന്നിധിയില്‍ കുടികൊണ്ട ശ്രീഹനുമാന്‍സ്വാമിയെ നാലമ്പലത്തിനകത്ത് വായൂക്കോണില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂറിലെ അമ്മമഹാറാണിയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് പ്രശ്നവിചാരം നടത്തിയതനുസരിച്ച് കൊട്ടാരം ചിലവില്‍ ഹനുമാന്‍ നടയുടെ പുനരുദ്ധാരണവും പൂജകളുടെ പടിത്തരം ഉയര്‍ത്തുകയും ചെയ്തു. അതോടെ ഉപദേവനായ ഹനുമാന്‍ സ്വാമിയ്ക്ക് ക്ഷേത്രാധിപനായ മഹാദേവനോളം പ്രാധാന്യം കൈവന്നു. ഒരടിയോളം മാത്രം പൊക്കമുള്ള പഞ്ചലോഹവിഗ്രഹമാണ് ശ്രീഹനുമാന്‍ സ്വാമിയുടേത്. വലതുകൈയ്യില്‍ വജ്രായുധവും ഇടതുകൈയ്യില്‍ ചൂഡാരത്നവും ധരിച്ച് വാലിയര്‍ത്തിപ്പിടിച്ച് ദംഷ്ട്രങ്ങള്‍ കാണും വിധം വായ് പിളര്‍ത്തിപ്പിടിച്ച് ഉഗ്രരൂപത്തിലാണ് ഇവിടുത്തെ ഹനുമദ് പ്രതിഷ്ഠ. വിഗ്രഹത്തില്‍ സാധാരണയായി വെള്ളിയിലുള്ള അങ്കി ചാര്‍ത്തിയിരിക്കും. ഉത്സവാവസരങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവു നടയ്ക്കുവച്ച കമനീയമായ തങ്കയങ്കി ചാര്‍ത്തും.

ധ്യാനം

പിംഗാക്ഷം പിംഗകേശം ശശരുധിരനികാശാസ്യദോ:പാദപദ്മം
പ്രോദ്യന്മാര്‍ത്താണ്ഡകോടിപ്രമിതതനുഗളദ്രശ്മിഭിര്‍ദ്ദുര്‍ന്നിരീക്ഷ്യം
രാകാചന്ദ്രാംശുജാലപ്രസൃമരനഖദംഷ്ട്രാംശുസന്ദോഹനശ്യദ്-
ധ്വാന്താശാചക്രവാളം കപിവരമനിശം വായുപുത്രം നമാമി.

( മഞ്ഞച്ചകണ്ണൂകളും തലമുടിയും മുയല്‍ച്ചോരപോലെ ചുവന്ന മുഖവും കൈകാലുകളും ഉള്ളവനും അനേകം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചതിനു തുല്യമായ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന രശ്മികളാല്‍ നേരെ നോക്കുവാനാവാത്തത്ര പ്രഭയുള്ളവനും പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നഖങ്ങളുടെയും ദംഷ്ട്രങ്ങളുടെയും രശ്മിജാലം കൊണ്ട് എല്ലാ ദിക്കിലെയുമ് ഇരുട്ടിനെ നശിപ്പിക്കുന്നവനുമായ വായൂപുത്രനായ ഹനുമാനെ നമിക്കുന്നു.)

അവല്‍ നിവേദ്യവും കണ്ണന്‍പഴവുമാണ് മുഖ്യ നിവേദ്യം, കേരളക്കരയിലെ ക്ഷേത്രനിവേദ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കവിയൂരിലെ അവല്‍പന്തിരുനാഴി. വടമാല, വെറ്റിലമാല, നാരങ്ങാമാല എന്നീവഴിപാടുകളും പ്രസിദ്ധമാണ്. ആസ്മരോഗ ശാന്തിയ്ക്കായി തൊട്ടിയും കയറും നടയ്ക്കുവയ്ക്കുന്ന വഴിപാടും വിപുലമായ തോതില്‍ നടന്നുവരുന്നു. ധനുമാസത്തിളലെ മൂലം നാള്‍ ഹനുമദ് ജയന്തിയായി ആചരിക്കുന്നു. പ്രസ്തുത ദിവസം കളഭാഭിഷേകവും പുഷ്പാഭിഷേകവും ദര്‍ശിക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ ആഞ്ജനേയ സന്നിധിയിലെത്തുന്നു. കൂടാതെ 1992-ല് നടന്ന ദേവപ്രശ്നവിധിയനുസരിച്ച് മേടമാസത്തില്‍ മൂലം നക്ഷത്രത്തിലും കളഭാഭിഷേകം പതിവുണ്ട്. ചിങ്ങമാസം ഒന്നാം തീയതിമുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന പന്ത്രണ്ടുകളഭമാണ് ഏറ്റവും പ്രധാനമായ ആട്ടവിശേഷം.

നാഗരാജാവും നാഗയക്ഷിയും

ഹനുമാന്‍സ്വാമി നടയ്ക്ക് അഭിമുഖമായിട്ടുള്ള ആല്‍ത്തറയോടനുബന്ധിച്ചാണ് നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠ. മുന്പ് ഈ തറയില്‍ നിന്നിരുന്നത് ഒരു ഇലഞ്ഞി മരമായിരുന്നു. നാഗരാജാവിനെയും നാഗയക്ഷിയെയും കൂടാതെ മറ്റനവധി നാഗപ്രതിഷ്ഠകളും ഇവിടെ കാണാം. ഇവിടുത്തെ നാഗയക്ഷിയുടെ വിഗ്രഹം കാലപ്പഴക്കം കൊണ്ട് ശ്രദ്ധേയമാണ്.

കീഴ്തൃക്കോവില്‍ മഹാവിഷ്ണു.

മതിലിനുവെളിയില്‍ താഴെയായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം കവിയൂര്‍ മഹാക്ഷേത്രത്തിന്റെ കീഴിടു ക്ഷേത്രമാണ്. ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹം പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ശാന്തിപദവി കവിയൂര്‍ കഴനൂരില്ലത്തിന്റെ കാരാഴ്മയവകാശമാണ്.

മഹായക്ഷി

കിഴക്കേനടയില്‍ പതിനെട്ടാം പടിയുടെ താഴെ ചങ്ങനാശ്ശേരിറോഡിലേക്കു നീളുന്ന ഇടവഴിയില്‍ സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ദര്‍ശനമായ യക്ഷിക്ഷേത്രത്തിനും ഉപദേവതയുടെ പദവിയുണ്ട്. കൈസ്ഥാനികളായ കീഴ്ചിറയ്ക്കല്‍ മൂസതിന്റെ ഉപാസനാമൂര്‍ത്തിയായിരുന്നു ഈ യക്ഷി.

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം - ഐതീഹ്യം

അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം - ഐതീഹ്യം

🌷എന്റെ കൃഷ്ണാ🌷

🔹അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം🔹

🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
ചെമ്പകശ്ശേരിനട്ടുരാജ്യം
കേരളത്തിലെ ആദ്യത്തെ ബ്രാഹ്മണരാജ്യം
🍃🍃🍃🍃🍃🍃🍃🍃🍃🍃🍃
ആലപ്പുഴ ജില്ലയിലെ (കേരളം, ഇന്ത്യ) അമ്പലപ്പുഴയിൽ സ്ഥിതിചെയ്യുന്ന ചരിത്രവും ഐതിഹ്യവും ലയിച്ച അപൂർവ്വം ക്ഷേത്രങ്ങളിലൊന്നാണ് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രം. പാർത്ഥസാരഥി സങ്കല്പത്തിൽ വലതുകൈയ്യിൽ ചമ്മട്ടിയും ഇടതുകൈയ്യിൽ പാഞ്ചജന്യവുമായി നിൽക്കുന്ന പരബ്രഹ്മസ്വരൂപനായ ശ്രീ കൃഷ്ണഭഗവാന്റെ പ്രതിഷ്ഠയാണ് ഇവിടുത്തേത് . ലോകപ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസവും, അമ്പലപ്പുഴ വേലകളിയും ഈ ക്ഷേത്രത്തോട് അനുബന്ധിച്ചുള്ളവയാണ്. പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാൾ ദേവനാരായണൻ ക്രി.വർഷം 1545-ലാണ് (കൊ.വർഷം 720) അമ്പലപ്പുഴയിൽ ഈ ക്ഷേത്രം നിർമ്മിച്ചത്. അമ്പലപ്പുഴ ക്ഷേത്രപ്രതിഷ്ഠയുമായി ബന്ധപ്പെടുത്തിയാണ് മൂലം നാളിൽചമ്പക്കുളം പമ്പാനദിയിൽ രാജപ്രമുഖൻ വള്ളംകളി 1545-മുതൽ അരങ്ങേറുന്നത്.


ജില്ല : ആലപ്പുഴ
പ്രദേശം : അമ്പലപ്പുഴ
പ്രധാന പ്രതിഷ്ഠ : പാർത്ഥസാരഥി
സൃഷ്ടാവ് : ചെമ്പകശ്ശേരി പൂരാടംതിരുനാൾ ദേവനാരായണൻ
ക്ഷേത്രഭരണസമിതി : തിരുവിതാംകൂർ ദേവസ്വം ബോർഡ്

💧ഐതിഹ്യം💧

ഈ ക്ഷേത്രത്തെപ്പറ്റിയുള്ള ഒരു ഐതിഹ്യപ്രകാരം വിലൃമംഗലത്തു സ്വാമിയാരാണ് ക്ഷേത്രത്തിനു സ്ഥാനം നിശ്ചയിച്ചത്. ചെമ്പകശ്ശേരി രാജാവ് ഒരു ദിവസം സ്വാമിയാരുമൊത്തു വള്ളത്തിൽ യാത്ര ചെയ്യുകയായിരുന്നു. ആ സമയം കർണാനന്ദകരമായ ഓടക്കുഴൽഗാനം കേട്ട് രാജാവ് ചുറ്റുപാടും നോക്കി. വിലൃമംഗലം സ്വാമിയാർദർശനം നൽകി ആൽമരത്തിൽ നിന്നും ശ്രീകൃഷ്ണന്റെ ഓടക്കുഴൽ ഗാനമാണു കേട്ടതെന്നും അവിടെ ഒരു ക്ഷേത്രം പണിയണമെന്നും സ്വാമിയാർ രാജാവിനെ അറിയിച്ചു. അങ്ങനെയാണ് ആ ക്ഷേത്രം അവിടെ പണി ചെയ്യപ്പെട്ടതെന്ന് ഐതിഹ്യങ്ങൾ പറയുന്നു.അമ്പലപ്പുഴയിൽ പ്രസിദ്ധമായ ഐതിഹ്യമാണു നാറാണത്തുഭ്രാന്തൻ നടത്തിയ പ്രതിഷ്‌ഠ. പ്രതിഷ്‌ഠാസമയത്ത് അഷ്ടബന്ധം ഉറയ്ക്കാതെ തന്ത്രിമാർ (പുതുമനയും കടികക്കോലും) വിഷമിച്ചു. അപ്പോൾ ആ വഴി വന്ന നാറാണത്തുഭ്രാന്തനോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം കയ്യിലിരുന്ന മീൻ ശ്രീകോവിലിനു പുറത്തുവെച്ചെന്നും വായിലെ മുറുക്കാൻ (താംബൂലം) തുപ്പി വിഗ്രഹം ഉറപ്പിച്ചെന്നും വിശ്വസിക്കുന്നു. താംബൂലം ഒഴുക്കി വിഗ്രഹപ്രതിഷ്‌ഠ നടത്തിയതു കൊണ്ട് താംബൂലപ്പുഴയെന്നും പിന്നീട് അമ്പലപ്പുഴയെന്നും പേരുവന്നെന്നും പറയപ്പെടുന്നു.

തന്ത്രിമാരെപ്പറ്റിയും ഒരൈതിഹ്യം നിലവിലുണ്ട്.
തുടക്കത്തിൽ കടികക്കോൽ മനയിലെ തിരുമേനി മാത്രമാണു ഉണ്ടായിരുന്നത്. പ്രതിഷ്ഠിക്കാനായി തയ്യാറാക്കിയ വിഗ്രഹം പ്രതിഷ്ഠായോഗ്യമല്ലെന്ന് പുതുമന തിരുമേനി പറഞ്ഞതിനെ കടികക്കോൽ നമ്പൂതിരി എതിർക്കുകയും തെളിയിക്കാൻ ആവശ്യപ്പെടുകയും തെളിയിച്ചാൽ പാതി തന്ത്രം കൊടുക്കാമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഉടൻ വിഗ്രഹം തല്ലിത്തകർത്തു. അപ്പോൾ അതിൽ നിന്നും അഴുക്കുവെള്ളവും തവളയും പുറത്തു ചാടി. പ്രതിഷ്ഠിയ്ക്കാനുള്ള വിഗ്രഹം കുറിച്ചി ദേശത്ത് ഉണ്ടെന്ന്‌ സ്വാമിയാർ പറഞ്ഞു ഉടൻതന്നെ വിഗ്രഹം കണ്ടെത്തി ചോദിച്ചിട്ട് അവർത്താനായച്ചില്ല പിന്നെ രാത്രിയിൽ പോയി മോഷ്ടിച്ചു അപ്പോഴേക്കും നേരം വെളുത്തു ചമ്പക്കുളത്തുള്ള ഒരു ക്രിസ്ത്യനിയുടെ വിട്ടിൽ വെച്ചു ഒരു പകലും രാത്രിയും പിറ്റേന്ന് ജലമാർഗ്ഗം വഴി രാജപ്രൗഡിയൽ വഞ്ചിപാട്ട് പാടി വള്ളത്തിൽ ആണ് കൊണ്ടുവന്നേ അങ്ങനെ ആണ് മൂലം വള്ളംകളിയുടെ തുടക്കം

💧അമ്പലപ്പുഴ പാൽപ്പായസം💧


ചെമ്പകശ്ശേരി പുരാടം തിരുനാൾ ദേവനാരായൻ ഒരുകാലത്ത് നെല്ലിനുഷമം വന്നപ്പോൾ തലവടിലുള്ള ബ്രാഹ്മണന്റെ പക്കൽ നിന്നും കുറച്ചു നെല്ല് വാങ്ങിരുന്നു
സമയത്തു തിരികെ കൊടുക്കാൻ സാധിച്ചില്ല. ഒരിക്കൽ ആ ബ്രാഹ്മണൻ ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വന്ന് ശപഥം ചെയ്തു പറഞ്ഞു, രാജാവു തന്റെ കടം വീട്ടാതെ ഇന്നത്തെ ഉച്ചപൂജ നടത്തരുതു എന്നു. അതു കേട്ട രാജാവ് തന്റെ മന്ത്രിയായ മണക്കാട്ടമ്പിള്ളി മേനോനോട് കാര്യം പറയുകയും ചെയ്തു. മേനോന്റെ നിർദ്ദേശപ്രകാരം ചെമ്പകശ്ശേരി നട്ട് ദേശത്തെ സകല കരക്കാരും തങ്ങളുടെ മുഴുവൻ നെല്ലും ക്ഷേത്രത്തിന്റെ കിഴക്കെ നടയിൽ കൊണ്ടു ചൊരിഞ്ഞു. മന്ത്രി ബ്രാഹ്മണനോടു ഉച്ചപൂജയ്ക്കു മുൻപായി ധാന്യം എല്ലാം എടുത്തു മാറ്റുവാനും ആവശ്യപ്പെട്ടു. എന്നാൽ അവിടത്തെ ഒരു വള്ളക്കാരും ബ്രാഹ്മണനെ സഹായിക്കാൻ കൂട്ടാക്കിയില്ല. ചുരുക്കത്തിൽ ആ ബ്രാഹ്മണൻ ഒരുപിടി നെല്ല്‌ നടയിൽ സമർപ്പിച്ച് പറഞ്ഞു: 'ആ നെല്ലിന്റെ ലാഭവും പലിശയും കൊണ്ടു ഭഗവാനു നിത്യവും ഉച്ചപ്പൂജക്കു പാല്പായസം നൽകൂ
ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ പാൽപ്പായസം

കേരളത്തിലെ പ്രധാന ശ്രീകൃഷ്ണക്ഷേത്രമായ ഗുരുവായൂർ ക്ഷേത്രവുമായും അമ്പലപ്പുഴയ്ക്ക് വലിയ ബന്ധമുണ്ട്. ടിപ്പു സുൽത്താൻ ഗുരുവായൂർ ആക്രമിയ്ക്കുമോ എന്ന് സംശയം തോന്നിയ സമയത്ത് ഗുരുവായൂർ ക്ഷേത്രം ഊരാളനായിരുന്ന മല്ലിശ്ശേരി നമ്പൂതിരിയും തന്ത്രിയും ശാന്തിക്കാരും കൂടി ഗുരുവായൂരപ്പന്റെ വിഗ്രഹം അമ്പലപ്പുഴയിലേയ്ക്ക് കൊണ്ടുവന്നു. പഴയ ചെമ്പകശ്ശേരി രാജകൊട്ടാരമായിരുന്ന അമ്പലപ്പുഴ തെക്കേ മഠത്തിൽ പ്രത്യേകം ശ്രീകോവിലും തിടപ്പള്ളിയും കിണറും പണികഴിപ്പിച്ച് ഗുരുവായൂരപ്പനെ അവിടെ കുടിയിരുത്തി. ഇന്നും അമ്പലപ്പുഴയിൽ ആ ശ്രീകോവിലും തിടപ്പള്ളിയും കിണറുമെല്ലാമുണ്ട്. അവിടെ വിളക്കുവയ്പുമുണ്ട്. എന്നാൽ, സമീപത്തെ ക്ഷേത്രങ്ങൾ പലതും തകർത്തിട്ടും ടിപ്പുവിന് ഗുരുവായൂർ ക്ഷേത്രം മാത്രം തകർക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ഗുരുവായൂരിലേയ്ക്ക് വിഗ്രഹം മടക്കിക്കൊണ്ടുപോയി. ഇന്നും അമ്പലപ്പുഴയിൽ പാൽപ്പായസം എഴുന്നള്ളിയ്ക്കുമ്പോൾ വടക്കേ നടയിൽ ഒരു കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുന്നത് കാണാം. അത് സാക്ഷാൽ ഗുരുവായൂരപ്പന്റെ സാന്നിദ്ധ്യമായി ഭക്തർ വിശ്വസിച്ചുവരുന്നു.

💧മുപ്പതിനായിരം കളഭം💧
ഇടവമാസം ഒന്നാംതീ എല്ലാവർഷവും

💧പന്ത്രണ്ട് കളഭം💧
മകരം ഒന്നുമുതൽ പന്ത്രണ്ട് ദിവസം വരെ

💧പള്ളിപനാ💧
പന്ത്രണ്ട് പന്ത്രണ്ട് കളഭം ചേരുമ്പോൾ ഒരു പള്ളിപനാ പന്ത്രണ്ട് വർഷം കാത്തിരിക്കണം

💧വിജയബാലീ💧
പന്ത്രണ്ട് പള്ളിപനാ ചേരുമ്പോൾ വിജയബാലീ 144 വർഷം

*അമ്പലപ്പുഴ ഉത്സവം*
മീനം മാസത്തിലെ ഉത്രം നാളിൽ കൊടിയേറ്റ്
പത്താം നാൾ ആറാട്ട്
ഒന്നുമുതൽ ഒമ്പതു വരെ വേലകളി ഉണ്ട്


💧തൃക്കൊടിയേറ്റ്💧

ഉച്ചശീവേലിക്കുശേഷം തെക്കേ ഗോശാലയിൽ ഗണപതിപൂജയോടെയാണ് ചടങ്ങുകൾ തുടങ്ങുന്നത്. ഗണപതിപൂജയ്ക്കുശേഷം ഉത്സവദിവസങ്ങളിൽ എടുക്കുന്ന കോയ്മവടി മേൽശാന്തി ശ്രീകോവിലിൽ കൊണ്ടുപോയി പൂജിച്ച് കോയ്മസ്ഥാനി വലിയമഠം പണിക്കർക്ക് കൈമാറും. തുടർന്ന് വാദ്യപൂജ. കൊടി ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു പൂജിച്ച് ദേവചൈതന്യം ആവാഹിച്ച് കോയ്മയുടെ അനുവാദത്തോടെ വാദ്യപരീക്ഷ നടത്തി, പാണികൊട്ടി കൊടിമരച്ചുവട്ടിലേക്ക് കൊടിയെഴുന്നള്ളിക്കുകയും പിന്നീട് തന്ത്രി കൊടിയേറ്റ് നടത്തുന്നു. കൊടിയേറ്റിനുശേഷം അമ്പലപ്പുഴ തച്ചന്റെ നേതൃത്വത്തിൽ നാളികേരം ഉടച്ച് രാശി നോക്കി ഫലം പ്രവചിക്കുന്നു. വൈകീട്ട് ദീപാരാധനയ്ക്കു മുൻപായി എട്ടുദിക്കിലും ദിക്കുകൊടിയേറ്റ്റുകയും ചെയ്യുന്നു

💧ശുദ്ധാദി കലശപൂജ💧

കേരളത്തിലെ അപൂർവം ക്ഷേത്രങ്ങളിൽ മാത്രം നടന്നുവരുന്ന ശുദ്ധാദി, അമ്പലപ്പുഴ ഭഗവാന്റെ ഉത്സവ നാളുകളിലെ പ്രധാന താന്ത്രിക ചടങ്ങുകളിൽ ഒന്നാണ്. രണ്ടാം ഉത്സവദിനം ശുദ്ധാദി ചടങ്ങിന് തുടക്കം കുറിച്ച് ഒമ്പതാം ഉത്സവം വരെയാണ് ശുദ്ധാദി ഉള്ളത്. ശുദ്ധജലം, പാൽ,തൈര്, നെയ്യ്, അഷ്ടഗന്ധജലം, ഇളനീർ എന്നിവ പ്രത്യേകം കലശങ്ങളാക്കി പൂജിച്ച് ദേവന് അഭിഷേകം നടത്തുന്ന ചടങ്ങാണിത്. സ്വർണകുംഭങ്ങളിലും വെള്ളി കുംഭങ്ങളിലുമാണ് ദ്രവ്യങ്ങൾ നിറച്ച് പൂജിച്ച് ഭഗവാന് അഭിഷേകം ചെയ്യുന്നത്.പുലർച്ചെ 5 മണിയോടുകൂടി കിഴക്കേ നാലമ്പലത്തിൽ പ്രത്യേകമായി പത്മമിട്ട് അലങ്കരിക്കുന്ന സ്ഥലത്ത് കുംഭങ്ങൾ നിറച്ച് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചാണ് കലശങ്ങൾ ഭഗവാന് അഭിഷേകം ചെയ്യുന്നത്. ഉത്സവ ദിവസങ്ങളിൽ ഉച്ചപൂജ രാവിലെ 8.30ന് നടക്കുന്നതിനാൽ എട്ടുമണിയോടെയാണ് ശുദ്ധാദി ചടങ്ങുകൾ നടക്കുന്നത്. ശുദ്ധാദി ദർശിക്കുന്നതിനും ആടിയശേഷമുള്ള തീർഥം സേവിക്കുന്നതിനും നല്ല തിരക്കാണ് ഉണ്ടാകുക. ക്ഷേത്രം തന്ത്രിമാരായ പുതുമന-കടിയക്കോൽ നമ്പൂതിരിമാരുടെ മുഖ്യകാർമികത്വത്തിലാണ് ചടങ്ങ് നടക്കുന്നത്


💧കുടവരവ്💧

അമ്പലപ്പുഴയിലെ ഏഴാം ഉത്സവദിനമാണ് തകഴി ധർമ്മശാസ്താക്ഷേത്രത്തിൽ നിന്ന് ഉത്സവക്കുട ആഘോഷമായി എഴുന്നള്ളിക്കുന്നത്. അമ്മയുടെ (അമ്പലപ്പുഴ കണ്ണന്റെ) ഉത്സവം കാണാൻ ഹരിഹരപുത്രൻ (ശാസ്താവ്) എഴുന്നള്ളുന്നതായും, തകഴി ക്ഷേത്രത്തിൽനിന്ന് ശാസ്താവിന്റെ കലവറക്കാരൻ വേലതുള്ളാൻ വരുന്നതായും രണ്ടു സങ്കല്പങ്ങൾ കുടവരവിന് പിന്നിലുണ്ട്. തകഴി ക്ഷേത്രത്തിൽനിന്ന് ആരംഭിക്കുന്ന കുടവരവിനെ വഴിനീളെ ഭക്തർ നിറപറയും നിലവിളക്കും വെച്ച് എതിരേക്കുന്നു. കുടവരവിനൊപ്പം കൊടിയും വേലകളിക്കാരും മേളക്കാരുമുണ്ടായിക്കും. ക്ഷേത്രത്തിനടുത്തുള്ള പുതുപ്പുരപ്പടിയിൽനിന്ന് ദേവസ്വം അധികൃതരും ഭക്തജനങ്ങളും ചേർന്ന് കുടവരവിനെ സ്വീകരിച്ച് നെറ്റിപ്പട്ടമേന്തിയ ഗജവീരന്മാരുടെ അകമ്പടിയോടെ ക്ഷേത്രത്തിലേക്ക് ആനയിക്കുംകയും ചെയ്യും.ഏഴാം ഉത്സവനാളിൽ ക്ഷേത്രത്തിൽ തകഴിക്കാരുടെ വേലകളിയുണ്ട്. കുളത്തിൽ വേല കഴിഞ്ഞ് തകഴിക്ഷേത്രത്തിലെ അത്താഴപൂജയ്ക്കുള്ള സാധനങ്ങളുമായാണ് കലവറക്കാരൻ മടങ്ങി പോകുന്നത്. തകഴിയിൽനിന്ന് കൊണ്ടുവന്ന കുട ക്ഷേത്രത്തിൽ നൽകിയശേഷം ക്ഷേത്രത്തിലെ കുട തിരികെ തകഴിയിലേക്ക് കൊണ്ടുപോകുകയും ചെയ്യും. തകഴിയിൽനിന്ന് കൊണ്ടുവരുന്ന കുടയാണ് അടുത്ത ഒരു വർഷത്തേക്ക് ക്ഷേത്രത്തിലെ പ്രഭാത, അത്താഴശീവേലികൾക്ക് ഉപയോഗിക്കുന്നത്.

💧ഏഴാം ഉത്സവം💧

ഏഴാംഉത്സവം മുതൽ എഴുന്നള്ളത്തിന് അഞ്ചാനകളുണ്ട്.സ്വർണ്ണപാളികൾ കൊണ്ടുള്ള നെറ്റിപ്പട്ടവും തങ്കഅങ്കി കൊണ്ടുള്ള ആറാട്ടുചട്ടവും സ്വർണക്കുടകളും വെള്ളിക്കുടകളുമാണ് എഴുന്നള്ളത്തിന് ഉപയോഗിക്കുന്നത്. ഏറ്റുമാനൂർഏഴരപ്പൊന്നാനയ്ക്കു തുല്യമായ പതക്കമാണ് ഏഴാം ഉത്സവ വൈകുന്നേരത്തെ എഴുന്നള്ളത്തു മുതൽ ചട്ടത്തിൽ ചാർത്തുന്നത്.


💧എട്ടാം ഉൽസവം💧

💧കുട്ട വരവ്💧
ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാലസദ്യക്കുള്ള കുട്ടവരവ് എട്ടാ൦ ഉത്സവദിവസ൦ വൈകിട്ട് ആഞ്ഞിലിക്കാവ് ക്ഷേത്രത്തിൽനിന്നും വാദ്യമേളങ്ങളും അകമ്പടിയോടെ പടിഞ്ഞാറേനടയിൽനിന്നും സികരിച്ചു കൊണ്ടുവരും
🌷ഒമ്പതാം ഉത്സവം🌷

💧നാടകശാല സദ്യ💧

ഒമ്പതാം ഉത്സവനാളിലെ പ്രസിദ്ധമായ നാടകശാല സദ്യ മധുരമൂറുന്ന ഐതിഹ്യത്തിന്റെ നവ്യാവിഷ്‌കാരമാണ്. നാടിന്റെ നാനാദിക്കുകളിൽനിന്നുമുള്ള ആയിരക്കണക്കിന് ഭക്തർ നാടകശാലസദ്യയിൽ പങ്കെടുക്കാനും ചടങ്ങ് ദർശിക്കാനുമായി ശ്രീകൃഷ്ണസന്നിധിയിലെത്തും.

നാടകശാലസദ്യക്കു പിന്നിലുള്ള ഐതിഹ്യമിങ്ങനെ:
ഭക്തോത്തമനായ വിലൃമംഗലത്ത് സ്വാമിയാർ ഒരിക്കൽ ക്ഷേത്രദർശനത്തിനായി നാലമ്പലത്തിൽ പ്രവേശിച്ചപ്പോൾ അവിടെ ഭഗവാനെ കണ്ടില്ല. പരിഭ്രാന്തനായ സ്വാമിയാർ ഭഗവാനെത്തേടി നാലുപാടും പാഞ്ഞു. ഈ സമയം നാടകശാലയിൽ ക്ഷേത്രജീവനക്കാർക്കുള്ള സദ്യ നടക്കുകയായിരുന്നു. ഭഗവാനെ തിരക്കിയെത്തിയ സ്വാമിയാർ, ബാലന്റെ വേഷത്തിൽ സദ്യക്ക് നെയ്യ് വിളമ്പുന്ന സാക്ഷാൽ ഭഗവാനെയാണ് കണ്ടത്. കണ്ണാ' എന്നുവിളിച്ച് സ്വാമിയാർ ഓടിയടുത്തെങ്കിലും ഭഗവാൻ ഓടിമറഞ്ഞു. കഥയറിഞ്ഞവരെല്ലാം സദ്യ ഉപേക്ഷിച്ച് സ്വാമിയാർക്കൊപ്പം കണ്ണനെത്തേടി പിന്നാലെ പാഞ്ഞു. ഇതിന്റെ സ്മരണ നിലനിർത്തുന്നതാണ് നാടകശാല സദ്യ. നാടകശാല സദ്യ നടക്കുമ്പോൾ ഭഗവാൻ മണിക്കിണറിനു മുകളിൽ വന്നിരുന്ന് സദ്യ കാണുമെന്നാണ് വിശ്വാസം.


💧സദ്യ വട്ടം💧

നാലുകൂട്ടം പ്രഥമൻ, നാലുകൂട്ടം ഉപ്പേരി, അവിയൽ, തോരൻ, പച്ചടി, കൂട്ടുകറി, പരിപ്പ്, സാമ്പാർ, കാളൻ, പാല്, പഞ്ചസാര, കൽക്കണ്ടം തുടങ്ങിയ വിഭവങ്ങളാണ് സദ്യക്കുള്ളത്. നാടകശാലയിൽ വരിവരിയായിട്ട തൂശനിലകളിൽ ഉച്ചയ്ക്ക് 12ഓടെയാണ് സദ്യ വിളമ്പുന്നത്. സദ്യയുണ്ട ഭക്തർ എച്ചിലിലയുമായി വഞ്ചിപ്പാട്ടും പാടി പുത്തൻകുളത്തിന്റെ കരയിലേക്ക് താളം ചവിട്ടി നീങ്ങും. തിരികെയെത്തുന്ന ഭക്തരെ പോലീസധികാരികൾ ക്ഷേത്രസന്നിധിയിൽ പണക്കിഴിയും പഴക്കുലയും നല്കി ആചാരപരമായി സ്വീകരിക്കും. തുടർന്ന് കയ്യും വായയും കഴുകി ക്ഷേത്രദർശനം നടത്തുന്നതോടെ നാടകശാലസദ്യയുടെ ചടങ്ങുകൾ പൂർത്തിയാവും.

അമ്പനാട്ട് പണിക്കരുടെ വരവ്

ഒൻപതാം ഉത്സവനാളിലെ മറ്റൊരു പ്രധാന ചടങ്ങാണ് വൈകുന്നേരത്തെ അമ്പനാട്ടു പണിക്കരുടെ വരവ്. ക്ഷേത്രനിർമ്മാണത്തിന് സ്ഥലം വിട്ടുകൊടുത്ത ഈഴവ പ്രമാണിയായ അമ്പനാട്ട് ഉണ്ണിരവിക്ക് ചെമ്പകശ്ശേരി രാജാവ് കല്പിച്ചു കൊടുത്തതാണ് അമ്പനാട്ടു പണിക്കർ ശുദ്ധിവരുത്താൻ കള്ളുംകുടംവുംയാണ് അമ്പനാട്ടു പണിക്കരുടെ പിന്മുറക്കാർ ഒമ്പതാം ഉത്സവനാളിൽ പരിവാരസമേതം ക്ഷേത്രദർശനത്തിനെത്തുന്നത്.

💧ആറാട്ട്💧

പത്താം ദിവസം രാത്രിയാണ് ക്ഷേത്രത്തിലെ ആറാട്ട്. വൈകുന്നേരം ആറുമണിയോടെ പറയെടുപ്പ് എല്ലാ താന്ത്രികച്ചടങ്ങുകളും കഴിഞ്ഞ് അമ്പലപ്പുഴ കൃഷ്ണൻ ആറാട്ടിന് പുറപ്പെടുന്നു.ഇരട്ടകുളങ്ങര മഹാദേ സന്നിധിയിൽ തിരിച്ചു ഭഗവാൻ ആറാട്ട് അടി പറയെടുപ്പ് വമ്പൻ സികരണത്തോടെ സ്വർണ്ണകുടയും വെള്ളികുടയും വെഞ്ചാമരം അലവട്ടം വീശി വരുന്നത് ഒന്നു കാണേണ്ട കാഴ്ച്ച തന്നെ ആണ് ആറാട്ട്. അഞ്ച് ആനകളുടെ അകമ്പടിയോടെയുള്ള എഴുന്നള്ളത്ത് അത്യാകർഷകമാണ്.

🩸🩸🩸🩸🩸🩸🩸🩸🩸🩸🩸
🕉 ഓം നമോ നാരായണായ🕉
🌷എന്റെ കൃഷ്ണാ🌷
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
🎪🎪🎪🎪🎪🎪🎪🎪🎪🎪