സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

സര്‍വേശ്വരനായ തൃക്കവിയൂരപ്പന്‍

പുരാതനമായ പരശുരാമ ഭൂമിയിലെ( ഗോകര്‍ണ്ണം മുതല്‍ കന്യാകുമാരി വരെയുള്ള പ്രദേശം) സുപ്രധാന ശിവാലയങ്ങളിലൊന്നായി കവിയൂര്‍ കണക്കാക്കപ്പെടുന്നു. സീതാസമേതനായ ശ്രീരാമചന്ദ്രന്‍ പ്രതിഷ്ഠിച്ച ശിവലിംഗത്തിന്റെ മാഹാത്മ്യം നൂറ്റാണ്ടുകളായി ദക്ഷിണേന്ത്യയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള ആയിരക്കണക്കിനു ശൈവവിശ്വാസികളെ ഈ ക്ഷേത്രത്തിലേക്കാകര്‍ഷിക്കുന്നു. സുപ്രസന്നനും കാഞ്ചനാഭനും സര്‍വസമ്പദ്പ്രദായകനുമായ മൂര്‍ത്തിയായി പാര്‍വതീസമേതനായിട്ടാണ് സര്‍വേശ്വരനായ മഹാദേവന്‍ ഇവിടെ ഇരുന്നരുളുന്നത്. രണ്ടരയടിയോളം മാത്രം പൊക്കമുള്ള മൃണ്മയ ശിവലിംഗമാണ് ഇവിടെയുള്ളത്. വിഗ്രഹത്തില്‍ യുഗങ്ങള്‍ക്കുമുന്പ്, പ്രതിഷ്ഠനടന്ന തൊട്ടുപിന്നാലെ ശ്രീഹനുമാന്‍ സ്വാമി വാല്‍ചുറ്റി ബലപ്രയോഗം നടത്തിയതിന്റെ പാടുകള്‍ ഉണ്ടെന്നു പറയപ്പെടുന്നു. ആയിരത്തിത്തൊള്ളായിരത്തി അറുപതുകളുടെ അവസാനം വരെ പുറപ്പെടാശാന്തിയായിരുന്നു ഇവിടെ. കാസര്‍കോട് പുല്ലൂര്‍ഗ്രാമം, പടി മഹാ തുളുയോഗത്തില്‍പ്പെട്ട പത്തുവീടുകള്‍ക്കായിരുന്നു അവകാശം. ധാര, ചതുശ്ശതം, മുഴുക്കാപ്പ് എന്നിവയാണ് പ്രധാന വഴിപാടുകള്‍. കുട്ടികളെ അടിമകിടത്തുന്നത് മുഖ്യമായ മറ്റൊരു വഴിപാടാണ്. നിത്യേന അഞ്ചുപൂജ, നവകം, പഞ്ചഗവ്യം, മൂന്നുശിവേലി എന്നിവ നൂറ്റാണ്ടുകളായി നടന്നുവരുന്നു. തിരുവാതിര, പ്രദോഷം, കറുത്ത അഷ്ടമി എന്നീ മാസവിശേഷങ്ങളും, ധനുമാസത്തിലെ ഉത്സവം, കുംഭത്തിലെ ശിവരാത്രി, ഇടവമാസത്തിലെ സഹസ്രകലശം, കര്‍ക്കിടകത്തിലെ അരിശ്ശിവേലി എന്നീ ആട്ടവിശേഷങ്ങളും നടന്നുവരുന്നു.

ധ്യാനം

വാമാങ്കന്യസ്തവാമേതരകരകമലായാസ്തഥാവാമബാഹു-
ന്യസ്താരക്തോല്പലായാ:സ്തനമുകുളലസ്ദ്വാമബാഹു:പ്രിയായാ:
സര്‍വാകല്പാഭിരാമോ ധൃതപരശുമൃഗേഷ്ട:കരൈ കാഞ്ചനാഭോ
ധ്യേയ:പദ്മാസനസ്ഥ:സ്മരലളിതവപു: സമ്പദേ പാര്‍വതീശ:

( ഭഗവാന്റെ ഇടതു തുടയില്‍ വലതുകൈവച്ച്, ഇടതുകൈയ്യില്‍ ചെന്താമരപ്പൂ പിടിച്ച് ഇരിക്കുന്ന ദേവിയുടെ സ്തനാഗ്രത്തില്‍ ഇടതുകൈവച്ച്, മറ്റു മൂന്നു കൈകളില്‍ വെണ്മഴു, മാന്‍, വരം എന്നിവ ധരിച്ച് സ്വര്‍ണ്ണനിറമാര്‍ന്ന് കാമദേവനെപ്പോലെ സുന്ദരനായി താമരപ്പൂവില്‍ ഇരിക്കുന്ന പാര്‍വതീപതിയെ സമ്പത്തുകള്‍ ലഭിക്കുന്നതിനായി ധ്യാനിക്കണം.) കേരളത്തിലെ പ്രസിദ്ധമായ മറ്റു ശിവക്ഷേത്രങ്ങളിലെ ശിവസങ്കല്പത്തില്‍ നിന്നു വ്യത്യസ്തമായി ഇവിടെ ഭഗവാന്‍ ശാന്തമൂര്‍ത്തിയും ആനന്ദഭാവത്തിലിരിക്കുന്നവനുമാണ്. ഒരേ വിഗ്രഹത്തില്‍ത്തന്നെ ശിവപാര്‍വതിമാരുടെ തുല്യ സാന്നിദ്ധ്യമുണ്ടെന്നുള്ളതാണ് ഈ സങ്കല്പത്തിന്റെ മഹിമ. മംഗളകരമായ ഏതുകര്‍മ്മങ്ങള്‍ക്കും അതിനാല്‍ത്തന്നെ ഈ ശിവസന്നിധി അത്യുത്തമമാണ്.

ആഡംബരപ്രിയനായി അറിയപ്പെടുന്നു ഈ മഹാദേവന്‍. പുരാതന കേരളത്തിലെ ഏറ്റവും സമ്പന്നരായ ദേവകളിലൊന്നാണ് തൃക്കവിയൂരപ്പന്‍. ക്ഷേത്രവുമായി ബന്ധപ്പെട്ട ദേശങ്ങള്‍ ആയിരത്തിത്തൊള്ളായിരത്തി ഇരുപത്തിയൊന്നിലെ തിരുവിതാംകൂര്‍ ലാന്ഡ് സെറ്റില്‍മെന്റ് ആക്ട് പ്രകാരമാണ് സര്‍ക്കാറിന്റെ ഉടമസ്ഥതയിലായത്. അത്യമൂല്യമായ രത്നങ്ങളും മറ്റും പതിച്ചിട്ടുള്ള സ്വര്‍ണ്ണപ്രഭാമണ്ഡലം, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത കട്ടിമാലകള്‍, രത്നമാലകള്‍, സ്വര്‍ണ്ണത്തില്‍ത്തീര്‍ത്ത ആനച്ചമയങ്ങള്‍, സ്വര്‍ണ്ണക്കുടകള്‍, സ്വര്‍ണ്ണക്കുടങ്ങള്‍ എന്നിങ്ങനെ ഒട്ടനവധി വിശിഷ്ടവസ്തുക്കള്‍ തൃക്കവിയൂരപ്പന്റെ നിധിശേഖരത്തില്‍പ്പെടുന്നു. തൃക്കവിയൂരപ്പന്റെ പ്രതാപവും ഭക്തവാത്സല്യവും വെളിവാക്കുന്ന അനവധി ഐതിഹ്യങ്ങള്‍ പ്രചാരത്തിലുണ്ട്. മധ്യതിരുവിതാംകൂറിന്റെ കലാരൂപമായ പടയണിയിലെ ശിവസ്തുതികള്‍ മിക്കവയും തൃക്കവിയൂരപ്പനെ പുകഴ്ത്തിയുള്ളതാണ്. പ്രധാന പടയനിക്കരകള്‍ പലതും തൃക്കവിയൂരപ്പന്റെ ദേശവഴികളീല്‍പ്പെടുന്നു. പ്രസിദ്ധമായ കോട്ടാങ്ങല്‍ പടയണി തുടങ്ങൂന്നത് ഭഗവാനെ സങ്കല്പിച്ച്, കോട്ടാങ്ങല്‍ ക്ഷേത്രത്തിനടുത്ത്, മണിമലയാറിന്റെ തീരത്തുള്ള തൃക്കവിയൂരപ്പന്‍തറയില്‍ വിളക്കുവച്ചുകൊണ്ടാണ്.

ശ്രീമൂലരാജേശ്വരി

കൊല്ലവര്‍ഷം 1168( എ.ഡി.1892) മകരം 12നാണ് പടിഞ്ഞാറേനടയില്‍ ശ്രീമൂലരാജേശ്വരിയെ പ്രതിഷ്ഠിച്ചത്. ശ്രീമൂലംതിരുനാള്‍ മഹാരാജാവിന്റെ ഉത്തരവനുസരിച്ചായിരുന്നു ഈ പ്രതിഷ്ഠാകര്‍മ്മം. കമനീയമായ പഞ്ചലോഹവിഗ്രഹം തീര്‍ക്കുന്നതിനായി ദേവസ്വം നടവരവില്‍ നിന്നും 131 പണമിട സ്വര്‍ണ്ണവും 262 പണമിട വെള്ളിയും എടുപ്പിച്ച് ചിലവഴിക്കാനുള്ള 1066 കര്‍ക്കിടകം 31ആം തീയതിയിലെ ഉത്തരവനുസരിച്ചാണ് ഇതിനുള്ള നടപടികള്‍ ആരംഭിച്ചത്. ഇതിനുമുനോടിയായി വെന്നിമല പിഷാരടി അപ്പൂക്കര വാര്യര് തുടങ്ങിയ ജ്യോത്സ്യന്മാരെ വരുത്തി ദേവപ്രശ്നം നടത്തിയിരുന്നു. കൊട്ടാരം വൈദ്യന്മാരില്‍ പ്രമുഖനും കവിയൂര്‍ മഹാക്ഷേത്രത്തിലെ കൈസ്ഥാനികളില്‍ ഒരാളുമായ ചെന്നാട്ടു മൂസ്സതിന്റെ ആഗ്രഹം അനുവദിച്ചുകൊണ്ടായിരുന്നു ഈ പ്രതിഷ്ഠാ കര്‍മ്മം. ശില്പഭംഗി നിറഞ്ഞ പഞ്ചലോഹ വിഗ്രഹമാണ് ദേവിയുടേത്. മുഴുക്കാപ്പ്, മംഗല്യപൂജ, നാരങ്ങാവിളക്ക്, തൊട്ടില്‍ വഴിപാട് എന്നിവ ഇവിടെ നടക്കുന്നു. കിഴക്കേ നടയിലെ മേല്‍ശാന്തിതന്നെയാണ് ഇവിടെയും പൂജാ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നത്. എല്ലാ വര്‍ഷവും മകരമാസത്തിലെ ഉത്രട്ടാതി, പ്രതിഷ്ഠാദിനം, ദേവിയുടെ തിരുനാളായി കൊണ്ടാടുന്നു. അന്ന് വിശേഷാല്‍ ശ്രീബലിയും പൂജകളുമുണ്ട്.

ധ്യാനം

പ്രകാശമധ്യസ്ഥിതചിത്സ്വരൂപാം
വരാഭയേ സന്ദധതീം ത്രിണേത്രാം
സിന്ദൂരവര്‍ണ്ണാമതികോമളാംഗീം
മായമായീം തത്വമയീം നമാമി.

(പ്രകാശമദ്ധ്യത്തില്‍ ഇരിക്കുന്ന സത്യസ്വരൂപയും വരം, അഭയം,എന്നിവ ധരിച്ചവളും ത്രിനേത്രയും സിന്ദൂരവര്‍ണ്നമുള്ളവളും സുന്ദരിയും മായാമയിയും തത്വമയിയുമായ ദേവിയെ നമിക്കുന്നു.)

ഹനുമാന്‍ സ്വാമി

കേരളക്കരയിലെ ഏറ്റവും പ്രസിദ്ധമായ ആഞ്ജനേയ സന്നിധികളിലൊന്നാണ് കവിയൂര്‍. ക്ഷേത്രോല്പത്തി ഐതിഹ്യപ്രകാരം ശ്രീരാമന്റെ അനുജ്ഞയനുസരിച്ച് തൃക്കവിയൂരിലെ മഹാദേവസന്നിധിയില്‍ കുടികൊണ്ട ശ്രീഹനുമാന്‍സ്വാമിയെ നാലമ്പലത്തിനകത്ത് വായൂക്കോണില്‍ പ്രതിഷ്ഠിച്ചത് വില്വമംഗലം സ്വാമിയാരാണ്. കൊല്ലവര്‍ഷം 1115ല്‍ തിരുവിതാംകൂറിലെ അമ്മമഹാറാണിയ്ക്ക് ഒരു സ്വപ്നദര്‍ശനമുണ്ടായതിനെത്തുടര്‍ന്ന് പ്രശ്നവിചാരം നടത്തിയതനുസരിച്ച് കൊട്ടാരം ചിലവില്‍ ഹനുമാന്‍ നടയുടെ പുനരുദ്ധാരണവും പൂജകളുടെ പടിത്തരം ഉയര്‍ത്തുകയും ചെയ്തു. അതോടെ ഉപദേവനായ ഹനുമാന്‍ സ്വാമിയ്ക്ക് ക്ഷേത്രാധിപനായ മഹാദേവനോളം പ്രാധാന്യം കൈവന്നു. ഒരടിയോളം മാത്രം പൊക്കമുള്ള പഞ്ചലോഹവിഗ്രഹമാണ് ശ്രീഹനുമാന്‍ സ്വാമിയുടേത്. വലതുകൈയ്യില്‍ വജ്രായുധവും ഇടതുകൈയ്യില്‍ ചൂഡാരത്നവും ധരിച്ച് വാലിയര്‍ത്തിപ്പിടിച്ച് ദംഷ്ട്രങ്ങള്‍ കാണും വിധം വായ് പിളര്‍ത്തിപ്പിടിച്ച് ഉഗ്രരൂപത്തിലാണ് ഇവിടുത്തെ ഹനുമദ് പ്രതിഷ്ഠ. വിഗ്രഹത്തില്‍ സാധാരണയായി വെള്ളിയിലുള്ള അങ്കി ചാര്‍ത്തിയിരിക്കും. ഉത്സവാവസരങ്ങളില്‍ തിരുവിതാംകൂര്‍ മഹാരാജാവു നടയ്ക്കുവച്ച കമനീയമായ തങ്കയങ്കി ചാര്‍ത്തും.

ധ്യാനം

പിംഗാക്ഷം പിംഗകേശം ശശരുധിരനികാശാസ്യദോ:പാദപദ്മം
പ്രോദ്യന്മാര്‍ത്താണ്ഡകോടിപ്രമിതതനുഗളദ്രശ്മിഭിര്‍ദ്ദുര്‍ന്നിരീക്ഷ്യം
രാകാചന്ദ്രാംശുജാലപ്രസൃമരനഖദംഷ്ട്രാംശുസന്ദോഹനശ്യദ്-
ധ്വാന്താശാചക്രവാളം കപിവരമനിശം വായുപുത്രം നമാമി.

( മഞ്ഞച്ചകണ്ണൂകളും തലമുടിയും മുയല്‍ച്ചോരപോലെ ചുവന്ന മുഖവും കൈകാലുകളും ഉള്ളവനും അനേകം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചതിനു തുല്യമായ ശരീരത്തില്‍ നിന്നു പുറപ്പെടുന്ന രശ്മികളാല്‍ നേരെ നോക്കുവാനാവാത്തത്ര പ്രഭയുള്ളവനും പൂര്‍ണ്ണചന്ദ്രനെപ്പോലെ തിളങ്ങുന്ന നഖങ്ങളുടെയും ദംഷ്ട്രങ്ങളുടെയും രശ്മിജാലം കൊണ്ട് എല്ലാ ദിക്കിലെയുമ് ഇരുട്ടിനെ നശിപ്പിക്കുന്നവനുമായ വായൂപുത്രനായ ഹനുമാനെ നമിക്കുന്നു.)

അവല്‍ നിവേദ്യവും കണ്ണന്‍പഴവുമാണ് മുഖ്യ നിവേദ്യം, കേരളക്കരയിലെ ക്ഷേത്രനിവേദ്യങ്ങളില്‍ ഏറ്റവും പ്രസിദ്ധമായ ഒന്നാണ് കവിയൂരിലെ അവല്‍പന്തിരുനാഴി. വടമാല, വെറ്റിലമാല, നാരങ്ങാമാല എന്നീവഴിപാടുകളും പ്രസിദ്ധമാണ്. ആസ്മരോഗ ശാന്തിയ്ക്കായി തൊട്ടിയും കയറും നടയ്ക്കുവയ്ക്കുന്ന വഴിപാടും വിപുലമായ തോതില്‍ നടന്നുവരുന്നു. ധനുമാസത്തിളലെ മൂലം നാള്‍ ഹനുമദ് ജയന്തിയായി ആചരിക്കുന്നു. പ്രസ്തുത ദിവസം കളഭാഭിഷേകവും പുഷ്പാഭിഷേകവും ദര്‍ശിക്കുന്നതിനായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നും ജനസഹസ്രങ്ങള്‍ ആഞ്ജനേയ സന്നിധിയിലെത്തുന്നു. കൂടാതെ 1992-ല് നടന്ന ദേവപ്രശ്നവിധിയനുസരിച്ച് മേടമാസത്തില്‍ മൂലം നക്ഷത്രത്തിലും കളഭാഭിഷേകം പതിവുണ്ട്. ചിങ്ങമാസം ഒന്നാം തീയതിമുതല്‍ പന്ത്രണ്ടാം തീയതിവരെ നടക്കുന്ന പന്ത്രണ്ടുകളഭമാണ് ഏറ്റവും പ്രധാനമായ ആട്ടവിശേഷം.

നാഗരാജാവും നാഗയക്ഷിയും

ഹനുമാന്‍സ്വാമി നടയ്ക്ക് അഭിമുഖമായിട്ടുള്ള ആല്‍ത്തറയോടനുബന്ധിച്ചാണ് നാഗരാജാവിന്റെയും നാഗയക്ഷിയുടെയും പ്രതിഷ്ഠ. മുന്പ് ഈ തറയില്‍ നിന്നിരുന്നത് ഒരു ഇലഞ്ഞി മരമായിരുന്നു. നാഗരാജാവിനെയും നാഗയക്ഷിയെയും കൂടാതെ മറ്റനവധി നാഗപ്രതിഷ്ഠകളും ഇവിടെ കാണാം. ഇവിടുത്തെ നാഗയക്ഷിയുടെ വിഗ്രഹം കാലപ്പഴക്കം കൊണ്ട് ശ്രദ്ധേയമാണ്.

കീഴ്തൃക്കോവില്‍ മഹാവിഷ്ണു.

മതിലിനുവെളിയില്‍ താഴെയായി സ്ഥിതിചെയ്യുന്ന കീഴ്തൃക്കോവില്‍ മഹാവിഷ്ണുക്ഷേത്രം കവിയൂര്‍ മഹാക്ഷേത്രത്തിന്റെ കീഴിടു ക്ഷേത്രമാണ്. ചതുര്‍ബാഹുവായ വിഷ്ണുവിഗ്രഹം പരശുരാമന്‍ പ്രതിഷ്ഠിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. ഇവിടുത്തെ ശാന്തിപദവി കവിയൂര്‍ കഴനൂരില്ലത്തിന്റെ കാരാഴ്മയവകാശമാണ്.

മഹായക്ഷി

കിഴക്കേനടയില്‍ പതിനെട്ടാം പടിയുടെ താഴെ ചങ്ങനാശ്ശേരിറോഡിലേക്കു നീളുന്ന ഇടവഴിയില്‍ സ്ഥിതിചെയ്യുന്ന പടിഞ്ഞാറു ദര്‍ശനമായ യക്ഷിക്ഷേത്രത്തിനും ഉപദേവതയുടെ പദവിയുണ്ട്. കൈസ്ഥാനികളായ കീഴ്ചിറയ്ക്കല്‍ മൂസതിന്റെ ഉപാസനാമൂര്‍ത്തിയായിരുന്നു ഈ യക്ഷി.

No comments:

Post a Comment