സത്യഭാമയുടെ പാരിജാതമരം

 എന്റെ ഭാമേ പാരിജാതമാലയല്ലേ ഞാൻ രുഗ്മിണിക്ക് കൊടുത്തത്, പാരിജാതവൃക്ഷം തന്നെ ഞാൻ നിനക്കുതരാൻ തീരുമാനിച്ചിരിക്കുന്നു. കോപമെല്ലാം മറന്ന് ഭാമ സന്തോഷത്താൽ മതിമറന്നു. രാത്രിതന്നെ ദാരുകനെ വിളിച്ച് തേർകൂട്ടി ശ്രീകൃഷ്ണൻ ദേവലോകത്തെത്തി. ദേവേന്ദ്രനുമായുള്ള ചെറിയ ഒരു ഏറ്റുമുട്ടലിന്നുശേഷം പാരിജാതവൃക്ഷവുമായി ഭഗവാൻ ദ്വാരകയിൽ എത്തി. പാരിജാതം ഭാമയുടെ കൊട്ടാരമുറ്റത്ത് നട്ടു.എന്നാൽ സന്തോഷം അധികനാൾ നീണ്ടുനിന്നില്ല. ശ്രീകൃഷ്ണന്റെ മനസ്സിൽ ചായ്വ് പോലെ പാരിജാതം രുഗ്മിണിയുടെ കൊട്ടരാമുറ്റത്തെയ്ക്കാണ് ശാഖകൾ നീട്ടി പടർന്ന് നിൽക്കുന്നത്. മരമിങ്ങും മലരങ്ങുമാണ്. നിത്യവും രാവിലെ പൂക്കൾ നിരന്നുക്കിടക്കുന്നത് രുഗ്മിണിയുടെ മുറ്റത്താണ്. ഇത് ഭാമയുടെ മനസ്സിനെ നൊമ്പരപ്പെടുത്തി. തന്നെക്കാളധികം ഭഗവാന്റെ പ്രേമത്തിന് പാത്രമായിട്ടുള്ളത് രുഗ്മിണിയാണ്. ഭാമ വിഷമിച്ചു.

ശ്രീകൃഷ്ണൻ തന്റെ മാത്രമാകണം. ഈ ജന്മത്തിൽ നടക്കാത്തകാര്യമാണ് ഇതെങ്കിലും അടുത്തജന്മത്തിലെങ്കിലും ഇത് സാധിചെടുക്കണം. അടുത്തദിവസം തന്നെ നാരദമുനിയെ വിളിച്ച് അദ്ദേഹത്തിന്റെ ഉപദേശം തേടി. 'ഇനിയുള്ള ജന്മങ്ങളിലും ഭഗവാൻ ശ്രീകൃഷ്ണനെ തന്നെ ഭർത്താവായി ലഭിക്കണം, അതും തനിക്ക് മാത്രമായി, അതിന് ശാസ്ത്രോക്തമായി എന്തെങ്കിലും ക്രിയാവിധിയുണ്ടോ ? നാരദൻ മനസ്സിൽ എന്തോ ആലോചിച്ചു കൊണ്ട് പറഞ്ഞു. 'മറുജന്മ മംഗല്യത്തിനായി ഈ ജന്മഭർത്താവിനെ ഒരുത്തമ ബ്രാഹ്മണന് ദാനം ചെയ്യണം. 'ഭാമ കൃഷ്ണനോട് കാര്യം അറിയിച്ചു. എന്നാൽ ഭാഗവനെദാനമായി സ്വികരിക്കാൻ ഒരൊറ്റ ബ്രാഹ്മണനും തയ്യാറായില്ല. ഒടുവിൽ ആ ചുമതലയും നാരദന് ഏറ്റെടുക്കേണ്ടിവന്നു. ഭാമ രണ്ടുകൈയിലും ജലമെടുത്ത്‌ കുറച്ച്പൂക്കളുമെടുത്ത് 'അർപ്പണം 'എന്ന് ഉരുവിട്ട് ഭഗവാനെ നാരദന് നൽകി. നാരദൻ അർപ്പണദാനവസ്തുവായ ഭഗവാനുമായി യാത്രയായി. വഴിയിൽവെച്ച് ഭഗവാനെക്കൊണ്ട് തന്റെ വീണയും നാരദൻ എടുപ്പിച്ചു. വാർത്ത ദ്വാരകപുരിയാകമാനം പരന്നു. ബലരാമൻ ഓടിച്ചെന്ന് നാരദനെ തടഞ്ഞുനിർത്തി. അർപ്പണദാനത്തിന്റെ ബാദ്ധ്യതയിൽ നിന്നും കൃഷ്ണനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. അർപ്പണദാനവസ്തുവിന്റെ തുല്യതൂക്കം സ്വർണ്ണം തന്നാൽ അർപ്പിതവസ്തുവായ ഭഗവാനെതിരികെ തരാമെന്ന് നാരദൻ സമ്മതിച്ചു. വിവരമറിഞ്ഞ സത്യഭാമയ്ക്കും ആശ്വാസമായി. ദിവസവും എട്ടുതോലതൂക്കം സ്വർണ്ണം നൽകുന്ന സ്യമന്തകമണി സൂക്ഷിക്കുന്ന സത്യഭാമായ്ക്കുണ്ടോ സ്വർണ്ണത്തിനു പഞ്ഞം. സ്വർണ്ണവും, തുലാസും തയ്യാറായി. ഒരു തട്ടിൽ ഭഗവാൻ ഇരുന്നു. മറുതട്ടിൽ സത്യഭാമയുടെ വീട്ടിലെ സകല സ്വർണ്ണാഭരണങ്ങളും. ഭഗവാൻ ഇരിക്കുന്ന തട്ട് എന്നിട്ടും നിലത്തുതന്നെ !! വീണ്ടും വരുത്തി സ്വർണ്ണാഭരണങ്ങൾ, ദ്വാരകയിലെ ആബാലവൃദ്ധജനങ്ങളും ഭഗവാന്റെ തുലാഭാരത്തിനായി തങ്ങളുടെ സ്വർണ്ണാഭരണങ്ങൾ ഊരിയെടുത്ത് മരുതട്ടിൽ വെച്ചു. എന്നിട്ടും തട്ടുകളുടെ മുൻനിലയ്ക്ക് യാതൊരു മാറ്റവുംമില്ല.....
സ്വർണ്ണക്കൂമ്പാരത്തെ തോൽപ്പിച്ച തുളസിയില....,

പൂജാമുറിയിലെ വിഷ്ണുവിഗ്രഹത്തിന് മുമ്പിലായിരുന്ന രുഗ്മിണിദേവി ഈ കോലാഹലമൊന്നും അറിഞ്ഞതേയില്ല. നാരദമുനി പറഞ്ഞയച്ച ദൂതനിലൂടെ വിവരങ്ങളറിഞ്ഞ അവർ പൂജാപാത്രം പോലും നിലത്തുവയ്ക്കാതെ സംഭവസ്ഥലത്തെത്തി. രുഗ്മിണിദേവി, കൃഷ്ണനിരിക്കുന്ന തട്ടിനെ ഒരു വലംവെച്ച്‌ ഭഗവാനെ നമസ്ക്കരിച്ച്‌ പൂജാപാത്രത്തിൽനിന്നും ഒരു തുളസിദളമെടുത്ത് ധ്യാനപൂർവം മറുതട്ടിൽ വെച്ചതും ഭാഗവാനിരിക്കുന്ന തട്ട് പൊന്തി രണ്ട് തട്ടുകളും സമതുലിതമായി. ദ്വാരകവാസികൾ മുഴുവൻ സന്തോഷത്തോടെ കൃഷ്ണനെ പ്രദക്ഷിണം ചെയ്തു. ഒരേ ഒരു തുളസിയിലയാൽ ഭക്തിയുടെയും, ഭർത്തൃപ്രേമത്തിന്റെയും അന്തരം ബോദ്ധ്യപ്പെടുത്തി രുഗ്മിണി ദേവിയുടെ അർപ്പണമനോഭാവത്തിന് മുന്നിൽ നാരദനും, മത്സരഭാവം മറന്ന് സത്യഭാമയും നമസ്ക്കരിച്ചു......!!!

No comments:

Post a Comment