ഗാന്ധാരി വിലാപം

 പതിനെട്ടു ദിവസത്തെ കുരുക്ഷേത്ര യുദ്ധം, ദുര്യോധന വധത്തോടെ പര്യവസാനിച്ചു. വിജയികളായ പാണ്ഡവർ ദുര്യോധന ശിബിരത്തിൽ പ്രവേശിച്ചു.

കൃഷ്ണൻ പറഞ്ഞു. "കുരുക്ഷേത്ര യുദ്ധം അവസാനിച്ചിരിക്കുന്നു.
യുധിഷ്ഠിരനെ രാജാവായി അവരോധിക്കും എന്ന എന്റെ പ്രതിജ്ഞ ഇതാ സഫലമായിരിക്കുന്നു."

ഇതു കേട്ട് യുധിഷ്ഠിരൻ വിനയത്തോടെ പറഞ്ഞു..

'കൃഷ്ണാ ഈ മഹത്തായ വിജയത്തിന് അവകാശി അങ്ങു മാത്രമാണ്. പക്ഷേ ഞാൻ വിഷമത്തിലാണ് കണ്ണാ... ഗാന്ധാരി മാതാവിനെ ഞാൻ എങ്ങിനെ അഭിമുഖീകരിക്കും??
ആ മാതാവിന്റെ പുത്ര ശോകം പാണ്ഡവർക്കു മേൽ ശാപമായി വർഷിക്കും. ഞങ്ങൾക്കു അതിൽ നിന്നും രക്ഷ നേടുവാനാകുമോ? അതിൽ നിന്നും ഞങ്ങളെ രക്ഷിക്കാൻ കൃഷ്ണാ, അവിടുത്തേക്കു മാത്രമേ കഴിയൂ.... "

പുഞ്ചിരിയോടെ കണ്ണൻ പറഞ്ഞു.

"ഇത്തരം വാക്കുകൾ ഒരു രാജാവിനു ചേർന്നതല്ല.
ഞാൻ ഹസ്തിനപുരത്തേക്കു പോയി വിശേഷങ്ങൾ അറിഞ്ഞു വരാം."

കണ്ണൻ ഹസ്തിനപുരത്ത് എത്തുമ്പോഴേക്കും സജ്ജയനൻ അവിടെ എത്തി യുദ്ധവൃത്താന്തമെല്ലാം അറിയിച്ചിരുന്നു.
ദുര്യോധനന്റെ മരണവാർത്ത കേട്ട മാത്രയിൽ ധൃതരാഷ്ട്രർ ബോധരഹിതനായി വീണു... ഗാന്ധാരി പൊട്ടി കരഞ്ഞു... കൊട്ടാരം ആകെ ദുഃഖത്തിലായ അന്തരീക്ഷത്തിലാണ് കൃഷ്ണൻ അവിടെ എത്തിച്ചേരുന്നത്. അദ്ദേഹം ഗാന്ധാരിയുടെ അരികിൽ ചെന്ന് ആ അമ്മയുടെ ചുമലിൽ മൃദുവായി സ്പർശിച്ചു കൊണ്ടു പറഞ്ഞു.

"അമ്മേ ദുഃഖം നിയന്ത്രിക്കൂ! ഇനി കരഞ്ഞതുകൊണ്ട് എന്താണ് പ്രയോജനം? ധൈര്യം കൈവിടാതെ ശാന്തമായി ഇരിക്കൂ. "

ആ നുനത്ത സുഖമുള്ള സ്പർശം അനുഭവിച്ച മാത്രയിൽ ഗാന്ധാരി കൃഷ്ണനെ തിരിച്ചറിഞ്ഞു.

ഹേ! മാധവാ....കൃഷ്ണാ.... എന്റെ ദുഃഖം കാണാനും നീ വന്നു അല്ലേ?
എന്റെ മക്കളെയെല്ലാം ഒന്നൊഴിയാതെ നീ എനിക്കു നഷ്ടപ്പെടുത്തി. പുത്രദുഃഖത്താൽ തപിക്കുന്ന ഞാൻ ഇനി എങ്ങനെ ശാന്തയാകണം എന്നുകൂടി പറയൂ കണ്ണാ..."
കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തണച്ച് നെറ്റിയിൽ മൃദുവായി ചുംബിച്ചു കൊണ്ട് പറഞ്ഞു.

"അമ്മേ അമ്മയുടെ മക്കളെല്ലാം വീരന്മാരായിരുന്നു. രാജകുമാരൻ ദുര്യോധനൻ ധീരനായി നിന്ന് അവസാന നിമിഷം വരെയും പൊരുതി. പക്ഷേ... വിധി അമ്മയുടെ മകൾക്ക് എതിരായിരുന്നു. "

ഇതുകേട്ടു ഗാന്ധാരി രോഷത്തോടെ പറഞ്ഞു.
"ഹാ! കൊള്ളാം കൃഷ്ണാ! നിന്റെ വാക്ചാതുര്യം...

നിന്റെ മായയാൽ ആണ് എന്റെ കുഞ്ഞ് കൊല്ലപ്പെട്ടത് ..

നീ കൂട്ടുനിന്നു എല്ലാവരേയും കൊല്ലിച്ചിട്ട് ഇപ്പോള് വിധിയെ പഴിക്കുന്നോ?"

കണ്ണൻ ശന്തനായി ചോദിച്ചു.

"അമ്മേ ഈ വിനാശകരമായ യുദ്ധത്തിന്റെ പര്യവസാനം ഇങ്ങനെ തന്നെ ആകും എന്ന് അമ്മയ്ക്കും അറിവുണ്ടായിരുന്നതല്ലേ??

കടൽക്കരയിലെ മണൽ തരികൾ ശക്തമായ തിരയെടുക്കുമെന്ന് അറിഞ്ഞിട്ടും, അതിനെ സ്വന്തമാക്കാൻ മാറോടണക്കുന്നതു
പോലെ
അമ്മയുടെ മകൻ അഹർതയില്ലാത്തതെല്ലാം സ്വന്തമാക്കാൻ അനുചിതമായ മാർഗ്ഗങ്ങളിലൂടെ ചരിച്ചപ്പോഴും തെറ്റ് തിരുത്താൻ അമ്മ ശ്രമിച്ചില്ല.... അതല്ലേ അമ്മയുടെ മക്കൾക്ക് ഈ ഗതി വന്നത്.?? "

ഗാന്ധാരി പരിഭവത്തോടെ പറഞ്ഞു.

"എങ്കിലും കൃഷ്ണാ! നീ മനസ്സുവച്ചാൽ ഇതെല്ലാം നിഷ്പ്രയാസം ഒഴിവാക്കാമായിരുന്നു..."
ഉറച്ച സ്വരത്തില് കണ്ണൻ ചോദിച്ചു.

"കൃഷ്ണൻ അതിനു ശ്രമിച്ചില്ല എന്ന്
അമ്മക്ക് ഉറപ്പിച്ചു പറയാനാകുമോ? എത്ര തവണ ഞാൻ സന്ധി ചർച്ചകൾക്കായി ഹസ്തിനപുരത്തേക്ക് എത്തി.??
ദുര്യോധനനെ എത്രയധികം ഞാൻ ഉൾപ്പടെ ഉള്ളവർ ഉപദേശിച്ചു ??

ഈ യുദ്ധം ഒഴിവാക്കാൻ പല വ്യവസ്ഥകളും മുന്നോട്ടു വച്ചതല്ലേ ഞാൻ??
അവയിൽ ഒന്നു പോലും അംഗീകരിക്കാൻ തയ്യാറാകാതെ എല്ലാം തനിക്കു സ്വന്തമാക്കണം എന്ന സ്വാർത്ഥ ചിന്താഗതിയേക്കാൾ പാണ്ഡവർ നശിക്കണം ദുർബുദ്ധിയായിരുന്നില്ലേ അമ്മയുടെ മക്കളെ ഈ ദുർവിധിയിലേക്ക് നയിച്ചത്?? "

ഗാന്ധാരി മൗനമായി കണ്ണുനീർ വാർത്തു...

കൃഷ്ണൻ തുടർന്നു.

"അമ്മയുടെ മകൻ വളരെ നല്ല ഭരണാധികാരി ആയിരുന്നു. ഏറെ സുഹൃത് വലയം ഉണ്ടയിരുന്നീട്ടും ആരും അവന് നേരായ മാർഗം ഉപദേശിച്ചില്ല.
സ്തുതിപാടകരായി കൂടെ നിന്നവർ തന്നെയാണ് അവനിൽ സ്വാർത്ഥതയുടെ വിത്തുകൾ പാകി ഈ പടുമരണത്തിലേക്ക് അവനെ കൊണ്ടെത്തിച്ചതും..."

ഗാന്ധാരി കൃഷ്ണന്റെ കൈകൾ രണ്ടും തന്റെ മുഖത്തോടു ചേർത്തു കരഞ്ഞുകൊണ്ടു പറഞ്ഞു.
"നീ ഞങ്ങളുടെ ബന്ധുവല്ലേ വാസുദേവാ!
നീ ഞങ്ങളുടെ ഹിതം ആഗ്രഹിച്ചിരുന്നെങ്കിൽ അവനെ പറഞ്ഞു തിരുത്തുമായിരുന്നു. ഈ വിധം കൊല്ലിക്കുമായിരുന്നില്ല."

ഗാന്ധാരിയുടെ പുറത്തു തലോടിക്കോണ്ട് കൃഷ്ണൻ ചോദിച്ചു.
" പുത്രദുഃഖത്താൽ അമ്മയ്ക്ക് മറവി സംഭവിച്ചുവോ?
യുദ്ധം ഒഴിവാക്കാനായി ഞാൻ നേരിട്ടു സന്ധി സംഭാഷണത്തിന് ഹസ്തിനപുരത്തിലേക്ക് വന്നത് അമ്മ ഓർക്കുന്നില്ലേ? അന്ന് യുദ്ധം ഒഴിവാക്കാൻ എത്രയെത്ര ഉപായങ്ങൾ ഞാൻ നിർദ്ദേശിച്ചു?
ഒന്നും അമ്മയുടെ പുത്രൻ അംഗീകരിച്ചില്ല. പാണ്ഡവർക്ക് അവർക്ക് അവകാശപ്പെട്ടത് ഒന്നും തിരികെ നൽകില്ലെന്ന് ദുര്യോധനൻ തീർത്തു പറഞ്ഞില്ലേ.

അവസാനം ഒരു സാധാരണ പ്രജയായി കഴിയാൻ ഒരു ഗൃഹമെങ്കിലും നൽകിക്കൊണ്ട് യുദ്ധം ഒഴിവാക്കാൻ ഞാൻ പറഞ്ഞതല്ലെ?

എന്റെ വാക്കുകളെ പുച്ഛിച്ചുകൊണ്ട് സൂചി
കുത്താനുള്ള സ്ഥലം പോലും പാണ്ഡവർക്കു നല്കില്ലെന്നു ആക്രോശിച്ചപ്പോൾ അമ്മയും മകനെ തിരുത്താൻ ശ്രമിച്ചു പരാജയപ്പട്ടത് മറന്നുപോയോ?

ഈ വാശിയുടെ അനന്തരഫലം ഇങ്ങിനെയെല്ലാം ആയിരിക്കുമെന്ന് അന്നേ ഞാൻ പറഞ്ഞതല്ലേ??? അതെല്ലാം പാണ്ഡവപക്ഷവാദിയായ എന്റെ ജല്പനങ്ങളാണെന്നും, ഞാൻ വാക്കുകളാൽ ഇന്ദ്രജാലം കാട്ടി കൗരവരുടെ യുദ്ധശൌര്യം കെടുത്താൻ ശ്രമിക്കുന്ന കപടഗോപാലനാണെന്നും വൃന്ദാവനത്തിലെ കൃഷ്ണന്റെ കപടനാട്യം ഈ സുയോധനന്റെ മുന്നിൽ വിലപ്പോവില്ല എന്ന അഹങ്കാരവും അഹംഭാവവും നിറഞ്ഞ വാക്കുകൾ അമ്മ മറന്നുപോയോ??

ഗാന്ധാരി കോപത്തോടെ ചോദിച്ചു.
"കൃഷ്ണാ! എന്റെ മകനെ പഴിചാരി നീ രക്ഷപ്പെടാൻ നോക്കുന്നോ? അജയ്യനായ ഭീഷ്മരെ വീഴ്ത്തിയത് നിന്റെ കുടിലതയല്ലേ?"
കണ്ണൻ പുഞ്ചിരിയോടെ പറഞ്ഞു.
"അമ്മേ ഓരോ സൃഷ്ടിയുടെയും കാലഗണനയനുസരിച്ച് ആര് എപ്പോൾ എവിടെ വെച്ച് എങ്ങിനെ വീഴ്ത്തണമെന്നുണ്ട്.
അതു മാത്രമാണ് ഞാൻ ആർജ്ജുനനെ അറിയിച്ചത്. അർജ്ജുനൻ വിധി നടപ്പാക്കി."

"ഹ! വിധിയോ? ആരുടെ വധി? എന്നോടോ കൃഷ്ണാ ഈ കപട നാട്യം? കുലഗുരുവായ ദ്രോണർ നിന്റെ ആസൂത്രിതമായ ഇടപെടൽ മൂലമല്ലേ കൊല്ലപ്പെട്ടത്?
കർണ്ണനേയും നിന്റെ കുതന്ത്രത്താൽ ദയനീയമായി കൊന്നു കളഞ്ഞില്ലേ?"
ആയുധമെടുക്കില്ല എന്നൊരു ന്യായം പറഞ്ഞ് നീ കുടിലതയോടെ പാണ്ഡവർക്കു വേണ്ട നിർദ്ദേശം നല്കി ഞങ്ങളെ ചതിച്ചു തോൽപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നു വാസുദേവാ?"

കണ്ണന് പുഞ്ചിരിച്ചുകൊണ്ടു പറഞ്ഞു.
"എന്നോട് ചോദ്യങ്ങൾ ചോദിക്കുന്ന അമ്മ കഴിഞ്ഞ കാലത്തിലേക്ക് തിരിഞ്ഞു നോക്കൂ.. അമ്മയ്ക്ക് ഇതിനെല്ലാം ഉത്തരം ലഭിക്കും. കുലവധുവായ സ്ത്രീരത്നത്തെ രാജസഭയിൽ ജനങ്ങൾ നോക്കിനിൽക്കേ വിവസ്ത്രയാക്കിയാക്കാൻ ശ്രമിച്ചത് ഇതിനു മുൻപ് കേട്ടു കേൾവിപോലും ഇല്ലാത്ത മഹാപാതകമല്ലേ??
കൃഷ്ണയുടെ ദീനരോദനം കാതങ്ങളകലെ നിന്ന് ഞാൻ കേട്ടു.
എന്നാൽ ആ സഭയിലിരുന്ന അമ്മ ഉൾപ്പെടെ ഉള്ളവർക്ക്,
ഭീഷ്മനും ദ്രോണരും ഉൾപ്പെടുന്ന കൗരവ മഹാരഥികൾക്ക്,,
ധർമിഷ്ടനെന്ന് ലോകം വാഴ്ത്തുന്ന വിദൂരർക്ക്
പുത്രിതുല്ല്യയായ അവളുടെ കരച്ചിൽ എന്തേ കേൾക്കാനായില്ല???

മാതാവിന്റെ കടമയല്ലേ മകളുടെ രക്ഷ,? സ്ത്രീക്ക് മാനത്തേക്കാൾ മീതെ ഒന്നും ഇല്ല എന്ന സത്യം സ്ത്രീയായ അമ്മയ്ക്ക് പോലും എന്തേ കാണാനാകാതെ പോയി??

ശീലകൊണ്ട് കണ്ണുകളെ മൂടിക്കെട്ടിയപോലെ അന്ധമായ പുത്ര സ്നേഹത്താൽ അമ്മ സ്വന്തം മനഃസാക്ഷിയേയും മൂടിക്കെട്ടി.

ഈ കുരുപരമ്പര അധർമ്മത്തിന്റെ
കുത്തൊഴുക്കിൽപ്പട്ടത് സ്വന്തം പ്രവർത്തികൾ കൊണ്ട് മാത്രമാണ്.

ദ്രോണർ യുദ്ധ വിദഗ്ദനായിരുന്നു. ധനുർവിദ്യയിൽ അഗ്രഗണ്ണ്യൻ ആയിരുന്നു...
എന്നാൽ എങ്ങിനെയും യുദ്ധം ജയിക്കാൻ വേണ്ടി നിരപരാധികളെ ബ്രഹ്മാസ്ത്രത്താൽ കൂട്ടക്കൊല നടത്തി.
അത് അധർമ്മമല്ലേ???

വില്ലാളി വീരനും, ധർമ്മിഷ്ഠനും, ദാനശീലനും ആയിരുന്ന കർണ്ണൻ സ്വന്തം കഴിവിലുള്ള അഹന്തയാൽ കുരുക്ഷേത്ര യുദ്ധത്തിൽ അഭിമന്യുവിനെ കൊല്ലാനായി പിന്നിൽ നിന്ന് ആക്രമിച്ച് അവന്റെ വില്ലൊടിച്ചത് ധർമ്മമായിരുന്നോ?"

ഗാന്ധാരി കണ്ണന്റെ മുന്നിൽ തളർന്നിരുന്നുകൊണ്ട്
വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു

"എനിക്ക് ഒന്നും അറിയില്ല കൃഷ്ണാ.. യുദ്ധഭൂമി സന്ദർശിച്ച് എന്റെ പ്രിയപ്പെട്ടവരെ അവസാനമായി ഒന്നു കാണണം എന്ന് ഒരാഗ്രഹമുണ്ട്."

കൃഷ്ണന് പുഞ്ചിരിച്ചു.
" അതറിഞ്ഞാണ് ഞാൻ വന്നത്. അമ്മ വന്നാലും."
കണ്ണൻ ഗാന്ധാരിയെ യുദ്ധഭൂമിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. യുദ്ധരംഗം കണ്ട് ഗാന്ധാരി അത്യാത്ഭുതത്തോടെ കൃഷ്ണന്റെ കൈകളിൽ മുറക്കിപ്പിടിച്ചുകൊണ്ട് ചോദിച്ചു.
" കൃഷ്ണാ! ഈ അന്ധതയിലും എനിക്കെല്ലാം കാണാന് കഴിയുന്നു. ഇത് നിന്റെ മായാശക്തിയാണോ?"

"ഒരിക്കലും അല്ല അമ്മേ ഈ ഉൾക്കാഴ്ചയുടെ കണ്ണ് അമ്മക്ക് പണ്ടേ ഉണ്ടായിരുന്നു. കാണണം എന്ന് സ്വയം ഇച്ഛയുണ്ടായപ്പോൾ അത് തുറന്നു. ഈ ഇച്ഛ ആദ്യം ഉണ്ടായിരുന്നെങ്കിൽ ഇപ്പോൾ
മുന്നിൽ കാണുന്ന ഈ കാഴ്ച്ചകൾ ഒരിക്കലും കാണേണ്ടി വരില്ലായിരുന്നു.
പതിക്കു കാണാനാവാത്തത് തനിക്കും കാണേണ്ട എന്നു പറഞ്ഞു കണ്ണു മൂടിയതിനു പകരം എന്റെ കണ്ണുകൾ എന്റെ പതിക്കും അതിലൂടെ എന്റെ രാജ്യത്തിനും, പ്രജകൾക്കും നല്ലതു കാണാനായി തുറന്നിരിക്കും എന്ന് പ്രതിജ്ഞ ചെയ്തിരുന്നെങ്കിൽ??"

ഉത്തരം പറയാതെ ഗാന്ധാരി മുന്നോട്ട് നടന്നു.....

കൗരവ ശ്രേഷ്ഠരുടെ മൃതദേഹങ്ങൾ കണ്ട് ഹൃദയംനൊന്ത് പൊട്ടിക്കരഞ്ഞു.
"കൃഷ്ണാ! സൂര്യ സമാനനായ കർണ്ണന്റെ കിടപ്പ് കണ്ട് എന്റെ ഹൃദയം പിളർക്കുന്നു. മരണത്തിലും വിട്ടുപിരിയാത്ത ആ മുഖകാന്തി!..
അതാ അവിടെ അർജ്ജുനന്റെ പുത്രനായ നിന്റെ മരുമകൻ അഭിമന്യുവിന്റെ മൃതദേഹം. നീ ഇതു കാണുന്നില്ലേ കൃഷ്ണാ? "

ഗാന്ധാരി ഓടിച്ചെന്ന് അവന്റെ മുഖത്ത് തലോടി ഉമ്മ വച്ചു. കഷ്ടം കൃഷ്ണാ.... ഈ പൊന്നോമനയെ ഓർത്തുപോലും നിനക്ക് ദുഃഖമില്ലേ?"
ദേഷ്യം കലർന്ന മിഴികളോടെ കൗരവ മാതാവ് കണ്ണനെ നോക്കി. കണ്ണൻ അപ്പോഴും മന്ദഹസിച്ചു കൊണ്ടു പറഞ്ഞു.
"അമ്മേ അഭിമന്യുവിനെക്കുറിച്ച് എനിക്കഭിമാനമേയുള്ളൂ. ആറു മഹാരഥന്മാരോട് ഒറ്റക്ക് പൊരുതി വീര മൃത്യു വരിച്ച മഹായോദ്ധാവാണ് എന്റെ അഭിമന്യു "

ഗാന്ധാരിയെ കണ്ണൻ വീണ്ടും മുന്നോട്ടു നയിച്ചു.
അതാ മുന്നിൽ വികൃതമായ ദുശ്ശാസനന്റെ മൃതദേഹം.
ഗാന്ധാരി ആ കാഴ്ച്ച കണ്ടു യുദ്ധഭൂമിയിൽ തളർന്നിരുന്നു.
"നോക്കു, കൃഷ്ണാ എന്റെ പൊന്നോമന!
ഹോ! എന്റെ ‍ ദുശ്ശാസനന്റെ സുന്ദരമായ മുഖം ഈ വിധം തച്ചുടച്ചുവല്ലോ? ഭീമൻ എന്തിനീ കൊടും ക്രൂരത ഇവനോടും ഈ മാതാവിനോടും കാട്ടി?
കൃഷ്ണാ തടയാൻ കഴിയുമായിരുന്നല്ലേ എന്നീട്ടും?? നീയ്യതു ചെയ്തില്ലല്ലോ കണ്ണാ? എന്റെ മക്കളെ കൊല്ലിക്കുക എന്നതായിരുന്നോ നിന്റെ അവതാര ലക്ഷ്യം?"
കോപത്താൽ എരിയുന്ന കണ്ണുകളാൽ ഗാന്ധാരി കൃഷ്ണനെനോക്കി. കണ്ണൻ അപ്പോഴും മൗനമായി പുഞ്ചിരിച്ചുകൊണ്ട് ഗാന്ധാരിയുടെ കൈപിടിച്ച് സ്യമന്ത പഞ്ചക തീരത്തു കിടക്കുന്ന ദുര്യോധനന്റെ മൃതദേഹത്തിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി. തന്റെ കടിഞ്ഞൂൽ പുത്രനെക്കണ്ട് ഉറക്കെക്കരഞ്ഞുകൊണ്ട് മൃതദേഹത്തിലേക്കു വീണ ഗാന്ധാരിയെ കൃഷ്ണൻ
എഴുന്നേൽപ്പിച്ചു.

ഗാന്ധാരി ക്രോധത്തോടെ കണ്ണന്റെ കയ്യിൽ നിന്ന് കുതറിമാറി മകന്റെ അടുത്തിരുന്നു ഉറക്കെ വിലപിക്കാൻ തുടങ്ങി. " പ്രിയ പുത്രാ! സുയോധനാ! നിന്റെ അമ്മ ഇതെങ്ങിനെ സഹിക്കും? ഈ ദാരുണമായ കാഴ്ച്ച മാതൃഹൃദയം പിളർത്തുന്നു. നിന്റെ അതിസുന്ദരമായ തുടകൾ ഭീമൻ തന്റെ ഗദയാൽ തച്ചുടച്ചുവല്ലോ? ഗദാ യുദ്ധത്തില് അഗ്രഗണ്യനായ എന്റെ പുത്രനെ .....ഹാ!...കഷ്ടം? കൃഷ്ണാ! നീയല്ലേ ഇത് പവനപുത്രനെക്കൊണ്ട് ചെയ്യിച്ചത്...
കൊല്ലിക്കുക എന്നത് നിനക്ക് വിനോദമല്ലേ?" ഗാന്ധാരി കൃഷ്ണന്റെ മുഖത്തേക്ക് നോക്കിയപ്പോൾ കൃഷ്ണൻ പുഞ്ചിരിച്ചു. അത് കണ്ട ഗാന്ധാരിക്ക് കോപം അടക്കാനാവാതെ തിരിഞ്ഞ് കൃഷ്ണനോട് ക്രോധാവേശത്താൽ ഉറക്കെ പറഞ്ഞു. ഹേ! വാസുദേവ കൃഷ്ണാ ! ഇതുവരെ ഞാന് ആർജ്ജിച്ച തപോബലശക്തിയാൽ എന്റെ പാതിവ്രത്യ ശക്തിയെ സാക്ഷിയാക്കി നിന്നെ ഇതാ ഞാൻ ശപിക്കുന്നു... ഇന്നേക്ക് മുപ്പത്തിയാറ് വർഷം കഴിയുമ്പോൾ നിന്റെ യാദവകുലവും ഇതുപോലെ തമ്മിലടിച്ചു നശിക്കും ...
ചിതറിക്കിടക്കുന്ന മൃദ്ധദേഹങ്ങൾ കണ്ടു ഞാൻ കരഞ്ഞതുപോലെ നിന്റെ കുലസ്ത്രീകളും അലമുറയിട്ടു കരയുന്നത് നീ കാണും.
ഈ അമ്മയുടെ ശാപവാക്കുകൾ ഒരിക്കലും പാഴാവില്ല മാധവാ ഇത് തീർച്ച."

ശാപവർഷം ചൊരിഞ്ഞ അടുത്ത നിമിഷം സ്വയം നിയന്ത്രിക്കാന്‍ ആവാതെ ഗാന്ധാരി പൊട്ടിക്കരഞ്ഞു. കൃഷ്ണൻ ഗാന്ധാരിയെ തന്നോട് ചേർത്തു പിടിച്ച് സ്നേഹത്തോടെ തലോടിക്കൊണ്ടു പറഞ്ഞു.

"മതി അമ്മേ ഇനി ശാന്തമാകൂ.....അമ്മയുടെ മനസ്സിൽ നിറഞ്ഞു നിന്ന ദുഖം ഈ ശാപത്തോടു കൂടി ഞാൻ ഇതാ സ്വീകരിക്കുന്നു. വൃഷ്ണികുലത്തിന്റെ നാശം എന്നേ എഴുതപ്പെട്ടു കഴിഞ്ഞതാണ്. ഈ ശാപം അതിനൊരു നിമിത്തം മാത്രമാണ്."

ഗാന്ധാരിയുടെ മനസ്സ് അല്പം ശാന്തമായി. സ്നേഹത്തോടെ കണ്ണന്റെ മുഖത്തേക്ക് നോക്കി. കാണാനാവുന്നില്യ. ആ കണ്ണുകളിൽ വീണ്ടും അന്ധകാരം നിറഞ്ഞിരിക്കുന്നു...

കൃഷ്ണാ... എന്താണിത്? ഇനിയും മതിയായീല്ലേ നിന്റെ പരീക്ഷണം. എന്തിന് വീണ്ടും എന്നെ ഇങ്ങിനെ ശിക്ഷിക്കുന്നു?? വേദനിപ്പിക്കുന്നു??
ഇനി മതിയാക്കൂ നിന്റെ ലീലകൾ.
കൃഷ്ണൻ ഗാന്ധാരിയെ ചേർത്തു പിടിച്ചു കൊണ്ട് പറഞ്ഞു.
"ഭഗവൻകനിഞ്ഞു നൽകിയ
വെളിച്ചം എന്നു മുതല് സ്വയം വേണ്ടന്നു വെച്ചുവോ അന്നു മുതൽ ആ ശക്തി അമ്മക്ക് അല്പാല്പമായി നഷ്ടപ്പെട്ടു തുടങ്ങി. അന്ധനായ ധൃതരാഷ്ട്രർ ദീർഘായുഷ്മാനാണന്നും, ഭാവിയിൽ കിരീടാവകാശിയാകുമെന്നും കാഴ്ച്ചയുള്ള ഒരു കുലവധു രാജാവിന് നേർവഴി കാട്ടുമെന്നുമുള്ള ഭാവി മുൻകൂട്ടി അറിഞ്ഞിരുന്ന ഭീഷ്മർ ഈ ഗുണങ്ങൾ അമ്മയിൽ കണ്ടെത്തി.
പക്ഷേ അമ്മ ചെയ്തതെന്താണ്? ഈശ്വര ദത്തമായ വെളിച്ചം കൊട്ടിയടച്ച് പതിവ്രതാ ധർമ്മം അനുഷ്ഠിക്കാൻ ഒരു വേദവും അനുശാസിക്കുന്നില്ല. ധൃതരാഷ്ട്രർ പോലും അമ്മയുടെ തീരുമാനത്തെ എതിർത്തില്ലേ? പതിയെ അനുസരിക്കുക എന്നതല്ലേ ശരിയായ പതിവൃതാ ധർമ്മം? അത് പാലിക്കാൻ അമ്മ തയ്യാറായില്ല. അവിടെയല്ലേ കുരുവംശ നാശം തുടങ്ങിയത് ? നൂറു മക്കൾക്ക് ജന്മം നൽകിയെന്നഭിമാനിക്കുന്ന അമ്മയിലെ മാതൃഭാവം ഒരു പുത്രന്റെയെങ്കിലും മുഖം ദർശിക്കാൻ തയ്യാറായോ?
മാതൃമഹിമ ജന്മം നൽകുന്ന സന്താനങ്ങളുടെ പരിപാലനത്തിലൂടെ മാത്രമേ പൂർണ്ണമാകൂ!

അമ്മേ! അമ്മയുടെ കർമ്മഫലം ആണ്ഇത്. അവരവർ ചെയ്ത പ്രവൃത്തിയുടെ ഫലമാണ് ഓരോരുത്തരും അനുഭവിക്കുന്നത്.
അതിനെ സ്വീകരിക്കുകയെ വഴിയുള്ളൂ.
അതു തിരിച്ചറിയാനാവാത്തതുകൊണ്ടാണ് ഭഗവാന്റെ പരീക്ഷണമാണ് ശിക്ഷയാണ് എന്നെല്ലാം തെറ്റിധരിക്കുന്നത്. ഈശ്വരൻ തന്നതിനെ മനപ്പൂർവ്വം നിഷേധിക്കുന്നതാണ് ഏറ്റവും വലിയ ദൈവനിന്ദ. വാശിയുടേയും അഹന്തയുടേയും അഹംഭാവത്തിന്റെയും പേരിൽ ആ കാരുണ്യം കൊട്ടിയടക്കുമ്പോൾ അതിന്റെ അനന്തരഫലവും അനുഭവിക്കേണ്ടി വരുന്നു.

ഗാന്ധാരിയുടെ കണ്ണുകൾ നിറഞ്ഞൊഴുകി. പശ്ചാത്താപത്തോടെ തലതാഴ്ത്തി അവർ കുരുക്ഷേത്രത്തിൽ തളർന്നിരുന്നു. കൃഷ്ണൻ കാരുണ്യത്തോടെ ഗാന്ധാരിയെ തന്റെ മാറോടു ചേർത്തു.

മഹാഭാരതത്തിലെ ഓരോ രംഗവും മനനം ചെയ്താൽ ഈ മനുഷ്യ ജന്മത്തിന്റെ അമൂല്യതയും നശ്വരങ്ങളായ ലൗകിക നേട്ടത്തിന്റെ നിസ്സാരതയും ബോദ്ധ്യമാകും. .. ലൗകികമായി ആഗ്രഹിക്കുന്നതെല്ലാം നേടിയാലും പിന്നേയും ഒരപൂർണ്ണത തോന്നും. ഒരിക്കലും ഒരു തൃപ്തി കിട്ടാത്ത അവസ്ഥ. ലൗകിക ദൃഷ്ട്യാ ഇനി നേടാനായി ഒന്നും തന്നെ ഇല്ല താനും. ശരീര സുഖത്തിനു വേണ്ടതെല്ലാം ലഭിച്ചിട്ടും തൃപ്തി വരാത്തത് എന്താണ്?
ആഹാരം ,സമ്പത്ത്, വാഹനങ്ങൾ, സുഖസൌകര്യങ്ങൾ, പഠിപ്പ്, ഉദ്യോഗം ,ലോക സുഖഭോഗങ്ങൾ തുടങ്ങി ശാരീരികമായും മാനസികമായും ബുദ്ധിപരമായും എന്ത് തന്നെ നേടിയാലും പിന്നേയും എന്തിനോ ഒരു ദാഹം. അതാണ് അന്തര്യാമിയായ ഭഗവാനെ അനുഭവിക്കാനുളള അന്തർദാഹം... ആത്മാനുഭവത്തിന് എല്ലാം ഉപേക്ഷിക്കണോ?
നമ്മളായീട്ട് ഉപേക്ഷിച്ചാൽ ഒന്നും നമ്മെ വിട്ടുപോകില്ല. ഏതെങ്കിലും ഒരു സാഹചര്യം ഉണ്ടാവുമ്പോൾ ഉപേക്ഷിച്ചാൽ അത് പൂർവ്വാധികം ശക്തിയോടെ നമ്മെ വീണ്ടും ബന്ധിക്കും
എല്ലാം അനുഭവിച്ച് അതിന്റെ നിസ്സാരത ബോദ്ധ്യമായി അതിൽ ശ്രദ്ധ ഇല്ലാതായാൽ അവയെല്ലാം നമ്മെ തനിയെ വിട്ടുപോകും.
ഒരോരോ ജീവനും ഭഗവാൻ എന്തു തന്ന് ഏതു തലത്തില് ഇരുത്തിയോ ആ തലത്തിലിതുന്ന്, ഭഗവത് നിയോഗം പരാതിയും പരിഭവവും ഇല്ലാതെ സന്തോഷത്തോടെ ആത്മാര്ത്ഥമായി ചെയ്തു തീർക്കണം. ബുദ്ധികൊണ്ട് അതിൽ നിന്ന് അല്പമെങ്കിലും വ്യതിചലിച്ചാൽ എല്ലാ താളവും തെറ്റും. പിന്നീട് നമ്മുടെ സ്വപ്രയത്നം കൊണ്ട് എത്ര പരിശ്രമിച്ചാലും അത് ശരിയാക്കാന് കഴിയില്ല
സംസാര ബന്ധനത്തിലകപ്പെട്ട് വീഴ്ച്ച സംഭവിച്ചാൽ
അത് തിരിച്ചറിയുന്ന മാത്രയിൽ സ്വയം ശരിയാക്കാൻ പരിശ്രമിക്കുക എന്നതിലുപരി, ഭഗവാനിൽ ശരണാഗതി പ്രാപിക്കുക എന്നതു മാത്രമാണ് ഏക മോക്ഷമാർഗ്ഗം.

No comments:

Post a Comment