ശിവക്ഷേത്രങ്ങളിൽ കാണുന്ന നന്ദികേശന്റെ പ്രാധാന്യം


ക്ഷേത്ര ദര്‍ശനം നടത്തുന്നവരാണ് നമ്മളില്‍ പലരും. ശിവ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുമ്പോൾ ക്ഷേത്രാങ്കണത്തില്‍ കൊടിമരച്ചുവട്ടില്‍ നന്ദികേശന്‍ കിടക്കുന്നത് കാണാറുണ്ട്‌. പരമേശ്വരന്റെ അംശമാണ് നന്ദി ദേവന്‍. ഈ രക്ത ബന്ധം തന്നെയാണ് ഈ മന:പ്പൊരുത്തത്തിനും ആധാരം. ലോകനന്മയ്ക്കായി സദാ ജ്ഞാനദീപമായ് പരിലസിക്കുന്ന പരമശിവനുമായുള്ള ബന്ധത്തിനാല്‍ നന്ദി എന്നു പേര് ലഭിച്ചു. സദാശിലയായി നിലകൊള്ളുന്നതിനാല്‍ നിലയായി ഇരിക്കല്‍ എന്നും നന്ദിക്ക് വ്യാഖ്യാനമുണ്ട്. സമ്പത്ത്, സമൃദ്ധി എന്നിവ പ്രതീകമായ കാളയാണ് നന്ദികേശന്‍. അഹോരാത്രം ശിവനേ! ധ്യാനിച്ചുകൊണ്ടാണ് നന്ദി കിടക്കുന്നത്. ദൃഢമായി മുഴച്ചു നിൽക്കുന്ന കൊച്ചു കൊമ്പുകളും, നീണ്ട വാലും,തടിച്ചുകൊഴുത്ത പിന്‍ഭാഗവും, നീണ്ട കാലുകളും, ഒതുങ്ങിയവയറും, തൂങ്ങിക്കിടക്കുന്നതായും ഗംഭീരമായ മുഖഭാവവുമുള്ള നന്ദികേശന്റെ രണ്ടു കൊമ്പുകള്‍ക്കിടയിലൂടെ നോക്കിയാല്‍ അകലെ ശ്രീകോവിലിനകത്തെ ചന്ദ്രശേഖരനെ-ശിവലിംഗത്തെ കാണാം. കാതോര്‍ത്ത് കിടക്കുന്ന ആ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന ഇരുചെവികളിലും സങ്കടങ്ങള്‍ പറയാം. ഇരുചെവി അറിയാതെ ഓതുന്ന ആ സങ്കടങ്ങള്‍ നിമിഷങ്ങള്‍ക്കകം പരമശിവന്റെ സമക്ഷത്ത് എത്തുന്നതാണ്.

ക്ഷേത്രകലയെ ആധാരമാക്കി ക്ഷേത്ര ചൈതന്യത്തിനു കോട്ടം തട്ടാതെ പലതരം നന്ദി ശിലകളുണ്ട്. അവയില്‍ പ്രധാനം ഇന്ദ്രനന്ദി, ബ്രഹ്മനന്ദി, ആത്മനന്ദി, ധര്‍മ്മനന്ദി എന്നിവയാണ്. ഇന്ദ്രനന്ദി ഭോഗവാനാണ്. ക്ഷേത്രത്തിന് അല്പം അകലെ ശ്രീകോവിലില്‍ നോക്കിയാണ് ഇന്ദ്ര നന്ദിയുടെ കിടപ്പ്. ബ്രഹ്മനന്ദി ഗാംഭീര്യമുള്ള രൂപത്തിലാണ്. വേദനന്ദി എന്നും ഇതിന് പേരുണ്ട്. ഇത് നിര്‍മ്മിയ്ക്കുന്നത് ചുണ്ണാമ്പ് കൊണ്ടാണ്. രാമേശ്വരത്ത് ഇങ്ങനെയുള്ള ബ്രഹ്മാണ്ഡമായ നന്ദിയെ കാണാം. കൊടിമരത്തിന്റെ ചുവട്ടില്‍ കാണുന്ന നന്ദിയാണ് ആത്മനന്ദി. പ്രദോഷ കാലത്ത് നന്ദിക്ക് പൂജ ചെയ്താല്‍ സര്‍വ്വഐശ്വര്യങ്ങളും പിതൃക്കളുടെ അനുഗ്രഹവും ലഭിക്കുന്നതാണ്. പരമശിവന്റെ അരികിലായി മഹാമണ്ഡപത്തില്‍ തന്നെ നിലകൊള്ളുന്ന ചെറിയ രൂപമാണ് ധര്‍മ്മ നന്ദിയുടേത്.
പ്രളയത്തില്‍ എല്ലാം നശിച്ച്‌, എല്ലാം പരമശിവനില്‍ ഒടുങ്ങുന്ന സമയത്ത് ധര്‍മ്മം നില നിര്‍ത്താന്‍ പരമശിവനു സഹായഹസ്തവുമായി അരികില്‍ തന്നെ ധര്‍മ്മ നന്ദി കാത്തു കിടക്കുന്നു. ഇതു കൂടാതെ ദേശ കാലങ്ങള്‍ക്കനുസൃതമായി ഗോപുരവാതില്‍ക്കല്‍ വടക്കുനോക്കി ശയിക്കുന്ന അധികാരനന്ദി, ഗര്‍ഭഗൃഹത്തിനു പിന്‍വശം കാണുന്ന വൃഷഭഗണപതി എന്നീ നന്ദികേശന്മാരും നമുക്ക് അനുഗ്രഹം നല്‍കുവാനായി കാത്തു കിടക്കുന്ന ദേവന്മാരാണ്. കൊടിമരച്ചുവട്ടിലെ ഈ ഉഗ്രപ്രതാപിയായ ദൈവം മനുഷ്യനു മാത്രമല്ല ശിവാലയങ്ങള്‍ക്കും സംരക്ഷകനാണ്. ആബാലവൃദ്ധം ജനങ്ങള്‍ക്കും ഏതു സമയത്തും ആ ഉയര്‍ന്നു വിടര്‍ന്നു നില്‍ക്കുന്ന കര്‍ണങ്ങളില്‍ സങ്കടമുണര്‍ത്തിക്കാം. വായയുടെ ഒരു പകുതിയും നന്ദിയുടെ ചെവിയുടെ ഒരു പകുതിയും പൊത്തിപ്പിടിച്ച്‌ കാറ്റില്‍ പോലും അലിഞ്ഞു പോകാതെ വിഷമങ്ങള്‍ സ്വകാര്യമായി പറയാവുന്നതാണ്.

No comments:

Post a Comment