സുബ്രഹ്മണ്യ സ്വാമിയുടെ ആറുപടൈ വീടുകള്‍


1. തിരുപ്രംകുണ്ഡ്രം

വിഖ്യാതമായ ആറുപടൈ വീടുകളില്‍ ആദ്യം
മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്.
ആറുമുഖന്‍ ദേവയാനിയെ വേളി ചെയ്ത ഇടം കൂടിയാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്ന സ്ഥലം.
ആറുപടൈവീടുകളില്‍ ആദ്യത്തേത് മധുരക്കടുത്തുള്ള തിരുപ്രംകുണ്ഡ്രമാണ്. വലിയൊരു കരിമ്പാറക്കുന്ന് തുരന്നു ചതുരാകൃതിയില്‍ ഉണ്ടാക്കിയ മനോഹരമായ ഒരു ഗുഹാക്ഷേത്രം. അകനാനൂറിലും തേവാരങ്ങളിലും പരന്‍കുന്‍ഡ്രം എന്ന പേരില്‍ പരാമര്‍ശിക്കപ്പെടുന്ന ഈ ക്ഷേത്രം സത്യഗിരിയില്‍ പാണ്ഡ്യന്‍മാരാണ് നിര്‍മ്മിച്ചതെന്നു കരുതുന്നു. ശൂരസംഹാരം കഴിഞ്ഞ് സ്വസ്ഥനായ ദേവന്‍ ദേവേന്ദ്രന്റെ പുത്രിയായ ദേവസേനയെ വിവാഹം കഴിച്ച സ്ഥലം. തിരുപ്രംകുണ്ഡ്രത്തില്‍ വെച്ച്, വിശേഷിച്ചും പൈങ്കുനിഉത്രം നാളില്‍, വിവാഹിതരായാല്‍, ഐശ്വര്യപൂര്‍ണ്ണമായ ദാമ്പത്യം ഉറപ്പാണെന്ന ഭക്തര്‍ വിശ്വസിക്കുന്നു.

2. തിരുച്ചെന്തൂര്‍

ശിലയില്‍ കടഞ്ഞെടുത്ത, മധുരൈക്കടുത്തുള്ള തിരുപ്രംകുണ്ഡ്രം ദര്‍ശിച്ച്,
തെന്‍തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലുള്ള
രണ്ടാം പടൈവീടായ തിരുച്ചെന്തൂരിലേക്ക്.
ശൂരപദ്മാസുരനെ ഹനിക്കാന്‍, കടലോരത്ത് പടകൂട്ടിയ
ദേവസേനാപതിയുടെ ക്ഷേത്രം.
മലമുകളില്‍ കുടിയിരിക്കാന്‍ ഇഷ്ടപ്പെടുന്ന ദേവന്റെ കടലോരത്തുള്ള മഹാക്ഷേത്രമാണ് തിരുച്ചെന്തൂര്‍. തമിഴ്‌നാടിന്റെ തെക്കു ഭാഗത്ത്, തിരുനെല്‍വേലിക്കടുത്താണ് രണ്ടാം പടൈവീടായ തിരുച്ചെന്തൂര്‍. ഇവിടെ വെച്ചാണ് ദേവന്‍ ശൂരസംഹാരം നടത്തിയതെന്ന് ഐതിഹ്യം.

3. പഴനി

കടല്‍ പുണരുന്ന തിരുച്ചെന്തൂരിലെ മുരുകനെ തൊഴുത്,
ദണ്ഡായുധപാണിയായ ആണ്ടിവടിവേലനെക്കാണാന്‍ പഴനിയിലേക്ക്.
മൂന്നാം പടൈവീട് ക്ഷേത്രം.
പഴനിയെന്നു പുകഴ്‌പെറ്റ തിരുവാവിന്‍കുടിയാണ് (മലക്കു മേലേ ദണ്ഡായുധപാണിയും താഴെ വേലായുധനും) മൂന്നാം പടൈവീട്. വൈരാഗിയായ ദണ്ഡായുധപാണിയാണ് പഴനിയാണ്ടവന്‍. തല മുണ്ഡനം ചെയ്ത് രുദ്രാക്ഷമണിഞ്ഞ് കൗപീനം മാത്രം ധരിച്ച ബാലബ്രഹ്മചാരി. പഴം കിട്ടാതെ അച്ഛനോടും അമ്മയോടും കലഹിച്ചു വന്ന ബാലനോട് നീ തന്നെയാണ് ജ്ഞാനപഴം (പഴം നീ) എന്ന് പാര്‍വതീപരമേശ്വരന്‍മാര്‍ പറഞ്ഞുവത്രെ. നവപാഷാണങ്ങള്‍ കൊണ്ടു തീര്‍ത്ത് ഭോഗനാഥര്‍ സ്ഥാപിച്ച പ്രതിഷ്ഠ പുകഴ്‌പെറ്റതാണ്. വിഗ്രഹത്തിന്റെ കീഴ്‌പ്പോട്ട് പക്ഷെ തേഞ്ഞ് തീരാറായ അവസ്ഥയിലാണ്. വിഗ്രഹത്തിന് മുഴുക്കാപ്പായണിയിക്കുന്ന ചന്ദനത്തിനും, അഭിഷേക ജലത്തിനും ദിവ്യൗഷധശക്തിയുണ്ടെന്ന് കരുതുന്നു. ചേരമാന്‍ പെരുമാളാണ് പഴനി മലമുകളിലുള്ള (ശിവഗിരി) ക്ഷേത്രം നിര്‍മ്മിച്ചത്.

4.സ്വാമിമലൈ

പഴനിമുരുകനെ തൊഴുത്
കാവേരീ തടത്തിലുളള കുംഭകോണത്തിലേക്ക്.
സ്വാമിമലയില്‍ വാഴും സ്വാമിനാഥനെ കാണാന്‍.
അഞ്ചുംതഞ്ചൈയിലെ നാലാം പടൈവീട് മഹാക്ഷേത്രം.
കാവേരിയുടെ തീരത്താണ് സ്വാമിമലൈ. പിതാവിന് പ്രണവാര്‍ഥം വിശദീകരിച്ച ബാലമുരുകന്‍ ഇവിടെ സ്വാമിനാഥനാണ്. സ്വാമിയുടെയും നാഥന്‍. ദീക്ഷിതരുടെ നാട്ടരാഗത്തിലുള്ള പ്രസിദ്ധമായ ''സ്വാമിനാഥ പരിപാലസുമ'' എന്ന കൃതി സ്വാമിമലയിലെ നാഥനെ പറ്റിയാണ്. കൃത്രിമമായി ഉണ്ടാക്കിയ മലയ്ക്കു മുകളിലാണ് ഈ മഹാക്ഷേത്രം.

5. തിരുത്തണി

സ്വാമിമലൈയില്‍ നിന്ന്
വടക്കന്‍ തമിഴകത്തെ തിരുത്തണിയിലേക്ക്.
തനികേശനായ വടിവേലന്‍ കുടികൊള്ളുന്ന
അഞ്ചാം പടൈവീട് ക്ഷേത്രം.
തിരുത്തണിയില്‍ തനികേശനാണ് മുരുകന്‍. തമിഴ്‌നാടിന്റെ വടക്കേ അറ്റത്ത് ആര്‍ക്കോണത്തിനടുത്താണ് തിരുത്തണി. അഞ്ചാം പടൈവീട്. തിരുത്തണിപട്ടണത്തില്‍ നിന്നും മല മുകളിലേക്ക് റോഡുണ്ട്. 365 പടികള്‍ കയറിയും സന്നിധിയിലെത്താം. പരിപൂര്‍ണ്ണാചലം (തനികാചലം) എന്ന മലയുടെ മുകളില്‍ ശൂരസംഹാരം കഴിഞ്ഞ്, വള്ളിയെ തിരുമണം ചെയ്ത് സ്വസ്ഥശാന്തനായിരിക്കുന്ന തനികേശന്റെ ക്ഷേത്രം. കോപം തണിഞ്ഞ സ്ഥലം. ശാന്താദ്രി എന്നും പേരുണ്ട്.

6 . പഴമുതിര്‍ച്ചോലൈ

മധുരൈമാനഗരിയുടെ ചാരെയാണ്
ആറാംപടവീടായ പഴമുതിര്‍ച്ചോലൈ. അവ്വയാറിന് ജ്ഞാനപ്പഴം നല്‍കിയ
ജ്ഞാനസാഗരമായ കടമ്പന്‍ കുടികൊള്ളുന്ന
പുണ്യക്ഷേത്രം.
പേരുപോലെ മനോഹരമായ ഉപവനമാണ് പഴമുതിര്‍ച്ചോലൈ. ആറാം പടൈവീട്. മധുരക്ക് വടക്കു കിഴക്കായി വൃഷഭാദ്രിയുടെ ഓരത്ത്, മയിലുകള്‍ നൃത്തം ചെയ്യുന്ന വൃക്ഷജാലങ്ങള്‍ക്കിടെ ഒരു എളിയ ക്ഷേത്രം. മലൈക്കീഴവനാണ് ഇവിടെ ഭഗവാന്‍. നൂപുരഗംഗ എന്ന ആറ് കിനിഞ്ഞിറങ്ങുന്ന ചോലമലയുടെ (അളഗാര്‍ മല) കീഴെ വസിക്കുന്നവന്‍ എന്നര്‍ഥം.
--കടപ്പാട്

No comments:

Post a Comment